ചിറ്റൂർ: ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് സ്കോളർഷിപ്പ് നൽകാതെ വലച്ച് സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥർ. അംഗപരിമിതരായ വിദ്യാർഥികൾക്ക് പഞ്ചായത്തുകൾ നൽകുന്ന സ്കോളർഷിപ്പ് സാമൂഹിക നീതിവകുപ്പ് വഴിയാണ് വിതരണം ചെയ്യുന്നത്.നല്ലേപ്പിള്ളി പഞ്ചായത്തിലെ ചന്ദനപ്പുറം സ്വദേശി പ്രതീഷിന്റെ മകൻ അനയ് കൃഷ്ണയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടർന്ന് മാസങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. രണ്ട് വർഷമായുള്ള സ്ക്കോളർഷിപ്പാണ് മുടങ്ങിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് നിരവധി തവണ കുട്ടിയുമൊത്ത് മാതാവ് സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമില്ല. എന്നാൽ, തുക പഞ്ചായത്തിൽ നിന്നും അനുവദിച്ചിട്ടുണ്ടെന്നും സാമൂഹിക നീതിവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.സൂപ്പർവൈസർമാരുടെ കുറവും ഉള്ളവർക്ക് മതിയായ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതുമാണ് മുടങ്ങാൻ കാരണമെന്ന് സാമൂഹിക നീതിവകുപ്പ് സൂപ്പർവൈസർ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹികനീതിവകുപ്പ് ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലം അർഹതപ്പെട്ട പലർക്കും പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരുന്നതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് വികസനഫണ്ടിൽ നിന്ന് ലഭ്യമാക്കുന്ന തുക വർഷം തോറും ട്രഷറിയിൽനിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുക.
പണം കിട്ടാത്തത് സംബന്ധിച്ച് പരാതിയുമായെത്തുന്നവരെ തുക അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന് ഉറപ്പുവരുത്താതെ നിക്ഷേപിച്ചെന്ന് പറഞ്ഞ് മടക്കിയയയ്ക്കുകയാണെന്നാണ് ആക്ഷേപം. നല്ലേപ്പിള്ളി, പൊൽപ്പുള്ളി പഞ്ചായത്തുകളിലാണ് ക്ഷേമ പെൻഷൻ സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.