തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി.സി നിയമനത്തിൽ ഗവർണർ തള്ളിയത് മുഖ്യമന്ത്രി അംഗീകരിച്ച് സമർപ്പിച്ച പാനൽ. ഡിജിറ്റൽ സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വി.സി നിയമനത്തിനുള്ള പാനൽ അംഗീകരിച്ച് ഗവർണർക്ക് അയച്ചത്. നാലുപേർ അടങ്ങിയ പാനൽ ഒന്നടങ്കം തള്ളിയാണ് ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത്.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിന്റെ പരിധിയിൽ വരുന്ന സർവകലാശാലയാണ് ഡിജിറ്റൽ സർവകലാശാല. കാലാവധി കഴിഞ്ഞ വൈസ് ചാൻസലർ ഡോ. സജിഗോപിനാഥ്, സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്തുനിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ ഡോ. എം.എസ്. രാജശ്രീ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീർ, ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ കൂടിയായ കുസാറ്റിലെ സീനിയർ പ്രഫസർ അബ്ദുൽ ഹസൻ മുജീബ് എന്നിവരുടെ പേരുകളടങ്ങിയ പാനലാണ് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിൽ നിന്ന് ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ഒക്ടോബർ 25ന് പാനൽ രാജ്ഭവനിലേക്ക് കൈമാറിയെങ്കിലും ഹൈകോടതിയിൽ നിന്ന് വ്യക്തത തേടിയാണ് സർക്കാർ പാനൽ തള്ളി നവംബർ 27ന് സ്വന്തം നിലക്ക് ഗവർണർ നിയമനം നടത്തിയത്.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനത്തിനായി പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അംഗീകരിച്ച പാനലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറിയത്. മുൻ വി.സി ഡോ. സജിഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി.ആർ. ഷാലിജ്, കോതമംഗലം എം.എ കോളജ് ഓഫ് എൻജിനീയറിങ്ങിലെ പ്രഫ. വിനോദ്കുമാർ ജേക്കബ് എന്നിവരുടെ പേരുകളാണ് പാനലിലുണ്ടായിരുന്നത്. ഈ പാനൽ തള്ളിയാണ് കുസാറ്റ് ഷിപ് ടെക്നോളജി വകുപ്പിലെ ഡോ. കെ. ശിവപ്രസാദിന് സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.