വേദപാഠപുസ്​തകത്തിലെ വിവാദ പരാമർശങ്ങൾ പിന്‍വലിച്ച്​ താമരശ്ശേരി രൂപത; ബിഷപ്​ മുസ്​ലിം നേതാക്കളുമായി ചർച്ച നടത്തി

താമരശ്ശേരി (കോഴിക്കോട്​): താമരശ്ശേരി രൂപതയുടെ വേദപാഠ പുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിന്‍വലിച്ചു. തീവ്ര മുസ്​ലിം വിരുദ്ധ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിനെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ താമരശ്ശേരി ബിഷപ്​ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുസ്​ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കാൻ ധാരണയായത്. ബിഷപ്പി​‍െൻറ താൽപ്പര്യ പ്രകാരം ഡോ. എം.കെ. മുനീർ എം.എൽ.എയാണ്​ യോഗത്തിന്​ മുൻകൈ എടുത്തത്​.

താമരശ്ശേരി രൂപത വിശ്വാസ പരിശീലനകേന്ദ്രം മുതിർന്ന വിദ്യാർഥികൾക്കു വേണ്ടി പ്രസിദ്ധീകരിച്ച 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളും' എന്ന പുസ്തകത്തിലാണ് അടിസ്ഥാന രഹിതമായ വിവാദ പരാമര്‍ശങ്ങള്‍ ഉൾക്കൊള്ളിച്ചിരുന്നത്. പുസ്തകത്തിലെ പരാമര്‍ശത്തില്‍ മുസ്​ലിം സമൂഹത്തിനുണ്ടായ വേദനയില്‍ ബിഷപ്​ ഖേദം പ്രകടിപ്പിച്ചു.

സാമുദായിക സൗഹാര്‍ദം നിലനിത്താനും സാമൂഹിക തിന്മകള്‍ക്കെതിരെ യോജിച്ച്​ പ്രവർത്തിക്കാനും നേതാക്കൾ തീരുമാനിച്ചു. ഡോ. എം.കെ. മുനീർ, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, വി.എം. ഉമ്മര്‍, എം.എ. യൂസുഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍, മോണ്‍. ജോണ്‍ ഒറവുങ്ങര, ഫാ. ബെന്നി മുണ്ടനാട്ട്, അബ്​ദുല്‍ കരീം ഫൈസി, സി.ടി. ടോം, മാര്‍ട്ടിന്‍ തോമസ് എന്നിവർ സംബന്ധിച്ചു.

കൈപ്പുസ്തകം വിവാദമായതോടെ താമരശ്ശേരി രൂപത കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മത വിഭാഗത്തോടുള്ള എതിർപ്പുകൊണ്ടല്ല കൈപ്പുസ്തകം ഇറക്കിയത്. ക്രിസ്ത്യൻ യുവാക്കളെ വിശ്വാസത്തിൽ നിർത്താനായിരുന്നു കൈപ്പുസ്തകം. പെണ്‍കുട്ടികളെ ചൂഷണത്തില്‍നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറക്ടർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

രൂപതക്ക്​ ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. വിശ്വാസസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കാനും ക്രൈസ്തവ യുവജനങ്ങൾക്ക് ബോധവത്കരണം നൽകാനും മതബോധന വിദ്യാർഥികളുടെ സംശയ നിവാരണത്തിനുമായി ഇറക്കിയതാണ് പുസ്തകമെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടി. മതസൗഹാർദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും സമുദായ സൗഹാർദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാർദം വളർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധനകേന്ദ്രം ഡയറക്ടർ ഫാ. ജോൺ പള്ളിക്കാവയലിൽ അഭ്യർഥിച്ചിരുന്നു.

മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് 'ലവ് ജിഹാദെന്ന പ്രണയക്കുരുക്കെന്ന്' പുസ്​തകത്തിൽ പറഞ്ഞിരുന്നു. മുസ്‍ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്‍റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടുത്തുന്നു.

പെണ്‍കുട്ടികളെ വശീകരിക്കാൻ മുസ്‍ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നതായി പുസ്തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‍ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കി. ബന്ധന പ്രാർഥന വഴി ഈ വശീകരണത്തില്‍ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു. പുസ്തകത്തിനെതിരെ വ്യാപക വിമർശനമാണ്​ ഉയർന്നത്​. ഇതി​നെ തുടർന്നാണ്​ ഈ ഭാഗങ്ങൾ പിൻവലിച്ചത്​..

Tags:    
News Summary - Diocese of Thamarassery withdraws controversial references in textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.