അനിൽ സേവ്യർ 

സഹസംവിധായകൻ അനിൽ സേവ്യർ നിര്യാതനായി

അങ്കമാലി: സിനിമ സഹസംവിധായകനും, ശിൽപ്പിയുമായ അനിൽ സേവ്യർ (39) നിര്യാതനായി. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടിവീട്ടിൽ പി.എ. സേവ്യറുടെ മകനാണ്. ആഗസ്റ്റ് 15ന് ഫുട്ബാൾ കളിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് മരിച്ചത്.

ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായിരുന്നു. അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു.

തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്ന് ബി.എഫ്.എ ബിരുദം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എം.എഫ്.എയും നേടി. ഒരേസമയം ക്യാമ്പസിലുണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് നിർമിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു.

അമ്മ: അങ്കമാലി തളിയപ്പുറം കുടുംബാംഗം അൽഫോൻസ സേവ്യർ. സഹോദരൻ: അജീഷ് സേവ്യർ. മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതൽ അങ്കമാലി കിടങ്ങൂരിലെ വസതിയിലും, തുടർന്ന് വൈകിട്ട് മൂന്ന് വരെ അങ്കമാലി നാസ് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് ഭൗതിക ശരീരം കളമശ്ശേരി മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിന് നൽകും. അനിലിൻ്റെ ആഗ്രഹപ്രകാരമാണ് തീരുമാനം നടപ്പാക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - director Anil Xavier passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.