സാലറി ചലഞ്ചിന് വിസമ്മത പത്രം: കെ.എസ്.ഇ.ബിയിൽ വിവാദം

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശിച്ച സാലറി ചലഞ്ചിൽ പണം നൽകാൻ വിയോജിപ്പുള്ള ജീവനക്കാർ വിസമ്മതപത്രം നൽകാനുള്ള നിർദേശത്തെ ചൊല്ലി കെ.എസ്.ഇ.ബിയിൽ വിവാദം. ആഗസ്റ്റ് 29ന് മുമ്പ് വിസമ്മതപത്രം നൽകാത്തവരുടെ ശമ്പളം ഗഡുക്കളായി ആഗസ്റ്റിലെ ശമ്പളം മുതൽ കുറവ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ നിരവധിപേർ വിസമ്മതപത്രവും നൽകി.

എന്നാൽ, സർക്കാർ ഉത്തരവിന് വിരുദ്ധമായി പുറത്തിറക്കിയ ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കിയിട്ടും തിരുത്താനോ പിൻവലിക്കാനോ കെ.എസ്.ഇ.ബി തയാറായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്കടക്കം ബാധകമായ സർക്കാർ ഉത്തരവിൽ അഞ്ചുദിവസത്തെ ശമ്പളം നൽകാൻ സമ്മതപത്രം നൽകുന്ന ജീവനക്കകരുടെ ശമ്പളം മാത്രമേ കുറവ് ചെയ്യുകയുള്ളൂ എന്നാണുള്ളത്. എന്നാൽ, അഞ്ചുദിവസത്തെ ശമ്പളം നൽകുന്നതിൽ വിയോജിപ്പുള്ളവർ വിസമ്മതപത്രം നൽകണമെന്ന കെ.എസ്.ഇ.ബി ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തി.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നത് സമ്മതപത്രം വഴി ആയിരിക്കണമെന്നും അതു വിസമ്മതപത്രം വഴി ആകരുതെന്നുമുള്ള കോടതി വിധികളടക്കം ചൂണ്ടിക്കാട്ടി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സി.എം.ഡിക്ക് കത്ത് നൽകി. സർക്കാർ ഉത്തരവിനും ഹൈകോടതി വിധിക്കും വിരുദ്ധമായ നിലപാടാണ് കെ.എസ്.ഇ.ബി മാനേജ്മെന്‍റ് സ്വീകരിച്ചതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ സമ്മതമില്ലാതെ ആഗസ്റ്റിലെ ശമ്പളത്തിൽനിന്ന് തുക ഈടാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കോൺഫെഡറേഷൻ വർക്കിങ് പ്രസിഡന്‍റ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു.

Tags:    
News Summary - Letter of refusal to salary challenge: Controversy in KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.