സംവിധായകൻ രഞ്ജിത്തും നടൻ ദിലീപും ഒരേ വേദിയിൽ; രഞ്ജിത്തിനെ വാനോളം പുകഴ്ത്തി ദിലീപ്

കൊച്ചി: ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വേദി പങ്കിട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തും നടൻ ദിലീപും. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു. രഞ്ജിത്തിനേയും മധുപാലിനേയും അനുമോദിക്കാനാണ് ഫിയോക് യോഗം സംഘടിപ്പിച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാനായതിനുശേഷം ആദ്യമായാണ് രഞ്ജിത് ദിലീപുമായി വേദി പങ്കിടുന്നത്. ചലച്ചിത്ര അക്കാദമി ചെർമാനാകാൻ കെൽപുള്ള വ്യക്തിയാണ് രഞ്ജിത്തെന്ന് അനുമോദന ചടങ്ങിൽ ദിലീപ് പറഞ്ഞു. തിയറ്റർ ഉടമകളുടെ പ്രശ്നങ്ങൾ സർക്കാരിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് രഞ്ജിത്ത് പറഞ്ഞു. കൂടുതല്‍ ഊര്‍ജ്ജസ്വലമായ ദിവസങ്ങള്‍ തിയറ്ററുകള്‍ക്ക് ഉണ്ടാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയോടൊപ്പവും സിനിമാക്കാരോടൊപ്പവും താനുണ്ടെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു.

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഭാവന പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് രഞ്ജിത-ദിലീപ് വിവാദം തലപൊക്കിയത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ഭാവനക്ക് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിച്ചത്. താൻ ക്ഷണിച്ചിട്ടാണ് ഭാവന പങ്കെടുത്തതെന്ന് രഞ്ജിത് വിശദീകരിച്ചിരുന്നു.

ഇതിനു പിന്നാലെ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്തുവച്ച് രഞ്ജിത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി വിമര്‍ശനങ്ങൾ ഉയർന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ആലുവ സബ്ജയിലിൽ സന്ദർശിച്ചതിനെ ചൊല്ലിയായിരുന്നു വിമർശനം. എന്നാൽ സന്ദർശനം യാദൃശ്ചികമാണെന്നായിരുന്നു രഞ്ജിത്തിന്‍റെ പ്രതികരണം. ദിലീപിന് വേണ്ടി ഒരിടത്തും വക്കാലത്ത് പറഞ്ഞിട്ടില്ലെന്നും സബ്ജയിലിൽ എത്തി ദിലീപിനെ കണ്ടത് മുൻകൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരമല്ലെന്നും രഞ്ജിത് വിശദീകരിച്ചിരുന്നു.

നടൻ വിനായകനും ഈ വിഷയത്തിൽ രഞ്ജിത്തിനെത്തിരെ പ്രതികരിച്ചിരുന്നു. രഞ്ജിത്ത് ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രം വിനായകൻ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു വിമർശനം. ഇതിനിടെയാണ് ദിലീപിനോടൊപ്പം രഞ്ജിത് വേദി പങ്കിട്ടത്. 

Tags:    
News Summary - Director Ranjith and actor Dileep on the same stage; Dileep praises Ranjith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.