സ്ത്രീയെ പരിശുദ്ധയാക്കുന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ല -അഖിൽ മാരാർ

കോഴിക്കോട്: ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച സിദ്ദീഖിന്‍റെ നടപടി ധാർമികമെന്ന് സംവിധായകൻ അഖിൽ മാരാർ. സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കണം, സ്ത്രീ സമൂഹത്തിന് വേണ്ടി വാദിക്കണം എന്ന് പറയുന്നതിനോടൊപ്പം ഈ സംരക്ഷണവും നിയമവുമൊക്കെ പുരുഷന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ആണായാലും പെണ്ണായാലും മനുഷ്യരാണ്. ആരോപണങ്ങളെല്ലാം പുരുഷനിലേക്ക് തിരിക്കുകയും സ്ത്രീയെ പരിശുദ്ധയാക്കുകയും ചെയ്യുന്ന കാഴ്ചപ്പാടിനോട് യോജിക്കാൻ സാധിക്കില്ലെന്നും അഖിൽ ചൂണ്ടിക്കാട്ടി.

ഒരു പുരുഷൻ പരാതിപ്പെടുമ്പോൾ അറിയാം, ഒരു സ്ത്രീ ഏത് രീതിയിലാണ് ആക്രമിക്കുന്നതെന്ന്. ശാരീരികമായി മാത്രമല്ല ഒരു പുരുഷനെ തകർക്കാൻ സാധിക്കുക. എത്രയോ സ്ത്രീകൾ കേരളത്തിലും ലോകത്തിന്‍റെ പല കോണുകളിലും എത്രയോ പുരുഷന്മാരെ മാനസികമായിട്ട് തകർത്തിരിക്കുന്നു. ശാരീരികമായി പുരുഷൻ കരുത്താനാണെന്ന് ചൂണ്ടിക്കാട്ടി മാത്രം പറയുന്നത് ശരിയല്ല.

കേരളത്തിലെ ഒരു മന്ത്രിയെ പീഡനപരാതിയെ തുടർന്ന് കുറച്ചു കാലം മാറ്റിനിർത്തുകയും പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു. സിനിമയിലെ ഒരു കലാകാരനെതിരെ ഒരു സ്ത്രീ ആരോപണം ഉന്നയിച്ചു. എന്നാൽ, നിയമപരമായി പോയില്ല. നിയമപരമായി പോവുകയാണെങ്കിൽ തെളിവ് പ്രകാരം ശിക്ഷിക്കപ്പെടും.

ദിലീപിന്‍റെ കാര്യത്തിൽ മാത്രമാണ് നിയമനടപടിയുമായി മുന്നോട്ടുപോയത്. എയറിൽ നിൽക്കുന്ന വിഷയത്തിൽ ഒരാൾ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ കതകടച്ച് കുത്തിയിരിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് അഖിൽ മാരാൻ ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുതിയതായി ഒന്നുമില്ല. വർഷങ്ങളായി നാട്ടിലെ ചായക്കടയിൽ വരെ ചർച്ച ചെയ്യുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. സിനിമ മേഖലയെ അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്. വ്യക്തമായ തെളിവില്ലാതെ പരാമർശം കൊണ്ട് മാത്രം ഒരു പുരുഷന്‍റെ ജീവിതം തകർക്കപ്പെടാൻ പാടില്ലെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി.

2010ൽ സംവിധായകൻ രഞ്ജിത്തിനെതിരെ വന്ന ആരോപണം ഗുരുതരം തന്നെയാണ്. എന്നാൽ, ഇത്രയും വർഷം കഴിഞ്ഞ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോഴാണ് ആരോപണവുമായി വരുന്നത്. മലയാള സിനിമയിൽ നിലവിൽ രഞ്ജിത്ത് ഇല്ല. സർക്കാറിന്‍റെ ഒരു പദവി മാത്രമാണ് വഹിക്കുന്നത്. ആരോപണം ഉന്നയിച്ച ബംഗാളി നടി നിയമനടപടിയും സ്വീകരിക്കുന്നില്ല. പിന്നെ, മലയാള സിനിമ എന്ത് തിരുത്തലാണ് വരുത്തേണ്ടതെന്നും അഖിൽ മാരാർ വ്യക്തമാക്കി.

ഇന്നലകളിൽ അവസാനിച്ച പ്രശ്നത്തെ കുറിച്ച് ഇന്ന് ചർച്ച ചെയ്തിട്ട് കാര്യമില്ല. ഇന്നത്തെ മലയാള സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് അറിയണമെങ്കിൽ പരാതി പറഞ്ഞ എത്രപേർ ഇന്ന് സിനിമയിൽ ജോലി ചെയ്യുന്നുണ്ടെന്നും പുതിയ തലമുറയിലെ എത്ര കുട്ടികൾക്ക് പരാതിയുണ്ടെന്നുമാണ് അന്വേഷിക്കേണ്ടത്.

വാക്ക് കൊണ്ട് പറയാൻ സാധിക്കുന്നതും ലോകത്ത് ഒരിക്കലും നടപ്പാക്കാൻ സാധിക്കാത്തതുമായ വാക്കാണ് സമത്വം. സമത്വത്തിലേക്ക് എത്തണമെങ്കിൽ എല്ലാവരും തുല്യരാകണം. അത് ഒരിക്കലും സാധിക്കില്ല. ഭരണസംവിധാനത്തിന്‍റെ നിയമത്തിന്‍റെ മുമ്പിലും നീതിയിലും മാത്രമേ തുല്യത പാലിക്കാൻ സാധിക്കൂവെന്നും അഖിൽ മാരാൻ ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Disagree with the view of sanctifying women -Akhil Marar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.