കോഴിക്കോട്: ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കുനേരെ ആസിഡൊഴിച്ച മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മാതാവ്. പ്രശാന്ത് ഏഴ് വർഷം മുമ്പ് ഇവരുടെ മൂത്ത മകനെയും കൊല്ലാൻ ശ്രമിച്ചെന്ന് ആക്രമണത്തിനിരയായ പൂനത്ത് കാലടി പറമ്പിൽ പ്രബിഷയുടെ മാതാവ് സ്മിത പറഞ്ഞു.
‘മൂത്തമകനെ പെട്രോളൊഴിച്ച് കൊല്ലാനായിരുന്നു ശ്രമം. അയൽവാസി തട്ടി മാറ്റിയതിനാൽ അന്ന് അപകടം ഉണ്ടായില്ല. പ്രബിഷയോടും മക്കളോടും പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു. പ്രബിഷയെ പ്രശാന്ത് പലവട്ടം മർദിച്ചു. മർദനത്തിൽ കണ്ണ് തകർന്നു. രണ്ട് ദിവസം മുമ്പും പ്രബിഷയെ ആക്രമിക്കാൻ ബൈക്കിൽ പിന്തുടർന്ന് എത്തിയിരുന്നു. പ്രശാന്ത് സ്ഥിരമായി ലഹരിക്കടിമയാണ്’ -സ്മിത മാധ്യമങ്ങളോട് പറഞ്ഞു.
ബാലുശ്ശേരി പൊലീസിനെതിരെയും ഗുരുതര ആരോപങ്ങളാണ് പ്രബിഷയുടെ അമ്മ ഉന്നയിച്ചത്. പ്രശാന്തിനെതിരെ എട്ടുതവണ പരാതി നൽകിയിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ല. പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും സ്മിത വ്യക്തമാക്കി.
മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വിഡിയോ തയാറാക്കി മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. ഇതുസംബന്ധിച്ചും മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിലും നടപടിയുണ്ടായില്ല. ആസിഡ് ദേഹത്ത് വീണ് ഒരു കണ്ണ് പൂര്‍ണമായും അടഞ്ഞ നിലയിലാണ്. വായയിലും മുറിവേറ്റതിനാല്‍ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കുന്നില്ല. നെഞ്ചിലും വലിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. എട്ടു കൊല്ലം മുമ്പ് നിർമിച്ച വീടിന്‍റെ ജനലുകൾക്ക് ഒരു ചില്ല് പോലുമില്ല. അതെല്ലാം പ്രശാന്ത് തകര്‍ത്തതാണ്. ഇതൊക്കെ പൊലീസിനോട് കാണിച്ചുകൊടുത്തിട്ടും കാര്യമാക്കിയില്ലെന്നും മാതാവ് ആരോപിക്കുന്നു.
ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് യുവതിക്കുനേരെ ആസിഡ് ഒഴിക്കുന്നത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ യുവതി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻ ഭർത്താവ് തിരുവോട് കാരിപറമ്പ് പ്രശാന്തിനെ (36) മേപ്പയ്യൂർ പൊലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാവിലെ 9.30ഓടെ ആശുപത്രിയിൽ എത്തിയ പ്രശാന്ത് പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റ് തിരിഞ്ഞോടിയ യുവതിയുടെ പിന്നിലും ഇയാൾ ആസിഡ് ഒഴിച്ചു. സ്റ്റീൽ ഫ്ലാസ്കിലാണ് ആസിഡ് കൊണ്ടുവന്നത്. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
തൃശൂരിൽ ടാക്സി ഡ്രൈവറാണ് പ്രശാന്ത്. ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയിട്ട് മൂന്നുവർഷമായി. എന്നാൽ, ഇതിനുശേഷവും പ്രശാന്ത് നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.