മലപ്പുറം: മുസ്ലിംലീഗ് ജില്ല സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം സ്വീകരിച്ചതിൽ ലീഗിൽ കടുത്ത അതൃപ്തി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ അതൃപ്തി പരസ്യമായി പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിതലത്തിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സി.പി.എമ്മിനോട് ലീഗിലെ ഒരുവിഭാഗം നേതാക്കൾ ഉദാരസമീപനം സ്വീകരിക്കുന്നതിന്റെ തുടർച്ചയാണിതെന്ന വിമർശനമാണ് പാർട്ടിക്കകത്ത് ശക്തമായിരിക്കുന്നത്.
അബ്ദുൽ ഹമീദിനെ ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതൃത്വത്തെ സമീപിക്കുന്നുണ്ട്. ഒരാൾക്ക് ഒരു പദവിയെന്ന നിയമം അദ്ദേഹത്തിനും ബാധകമാക്കണമെന്നും ഇവർ വാദിക്കുന്നു. എന്നാൽ, നേതൃത്വം അബ്ദുൽ ഹമീദിനൊപ്പം നിൽക്കുമെന്നാണ് സൂചന. ജനറൽ സെക്രട്ടറി പി.എം.എ സലാം ശനിയാഴ്ച വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
‘പാർട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച ജൂതാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കുക’ എന്ന പോസ്റ്റർ മലപ്പുറത്ത് പ്രത്യക്ഷപ്പെട്ടതും ലീഗിലെ അതൃപ്തിയുടെ സൂചനയാണ്. സമൂഹ മാധ്യമങ്ങളിലും പോസ്റ്റർ പ്രചരിക്കുന്നുണ്ട്. കേരള ബാങ്ക് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിൽ ആശയവിനിമയം നടന്നതായും കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.