തിരുവനന്തപുരം: പ്രതിസന്ധിയുണ്ടാകുമ്പോൾ സർക്കാർ നാട്ടുകാരുടെ പോക്കറ്റിൽ കൈയിട്ടും മെയ്ക്കിട്ട് കയറിയുമാണോ പണം കണ്ടെത്തേണ്ടതെന്ന് പ്രതിപക്ഷം. ഭരണപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചാലും, ഇവിടെ എല്ലാം തകരാറിലാണെന്ന് ചിത്രീകരിച്ച് കേരളത്തെ തോൽപ്പിക്കാൻ ശ്രമിക്കരുതെന്ന് ധനമന്ത്രി. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയാണ് കണക്ക് നിരത്തിയുള്ള ഏറ്റുമുട്ടലുകൾക്ക് വേദിയായത്. ക്ഷേമാനുകൂല്യങ്ങൾ തടസ്സപ്പെട്ടതു മുതൽ സർക്കാർ ആശുപത്രികളിലെ സൗജന്യ ചികിത്സയിലെ നിസ്സഹായത വരെ അടിവരയിട്ടായിരുന്നു പ്രതിപക്ഷം സർക്കാറിനെ കടന്നാക്രമിച്ചത്. അതേസമയം, മുൻ വർഷങ്ങളുമായി താരതമ്യം ചെയ്ത് തനത് നികുതി-നികുതിയേതര വരുമാനത്തിലടക്കമുണ്ടായ വർധനയും സാമ്പത്തിക നേട്ടങ്ങളുമടക്കം അക്കമിട്ടും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമടക്കം ചൂണ്ടിക്കാട്ടിയുമായിരുന്നു ഭരണപക്ഷ പ്രതിരോധം. മാത്യു കുഴൽനാടനാണ് പ്രമേയം അവതരിപ്പിച്ചത്.
കേരളത്തിൽ സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നെന്നും ആർക്കും ഒന്നും ലഭിക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷ ആക്ഷേപം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പ്രതിവര്‍ഷം ശരാശരി ചെലവ് 70,000 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ അഞ്ചുവർഷക്കാലം ഒരു വർഷത്തെ ശരാശരി ചെലവ് 1.17 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ ഈ സർക്കാറിന്റെ ആദ്യത്തെ മൂന്നുവർഷത്തെ ശരാശരി ചെലവ് 1.61 ലക്ഷം കോടിയാണ്. എല്ലാം പ്രതിസന്ധിയിലാണെങ്കിൽ ഇതെങ്ങനെ സംഭവിക്കും. ഗൗരവതരമായ രാഷ്ട്രീയ വിഷയമായി ഫെഡറലിസവും സാമ്പത്തിക ഫെഡറലിസവും മാറുമ്പോഴും കേരളത്തിലെ പ്രതിപക്ഷം വളരെ സങ്കുചിതമായ കക്ഷിരാഷ്ട്രീയ താല്പര്യങ്ങളുമായി ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരവേലകള്‍ക്ക് ഒപ്പം നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം ഉണ്ടായതിനു ശേഷമുള്ള ഏറ്റവും കനത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വി.ഡി. സതീശൻ കുറ്റപ്പെത്തി. പണമില്ലാത്തതിനാൽ ഒന്നും ചെയ്യാന്‍ പറ്റാത്ത രീതിയില്‍ മന്ത്രിമാരുടെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. എപ്പോഴാണ് ട്രഷറി നിയന്ത്രണം ഇല്ലാത്തതെന്ന് ചോദിച്ചാല്‍ മതി. കേന്ദ്രം തരാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പോരാട്ടത്തിനു മുന്നില്‍ തങ്ങളുണ്ടാകും. പക്ഷെ, നിങ്ങളുടെ പിടിപ്പുകേടുകളൊക്കെ അവിടെ കെട്ടിവെക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
സാമ്പത്തിക സൂചികകളിൽനിന്ന് വഴിമാറി തുറന്ന ആരോപണങ്ങൾക്ക് കൂടി ചർച്ച വേദിയായി. സംസ്ഥാനത്തിന്റെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടിയാൽ കോൺഗ്രസിന് ബി.ജെ.പി ബന്ധമാരോപിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ വില്ലനെതിരെ ഒന്നും മിണ്ടാതെ ഇരയെ വീണ്ടും വേണ്ടയാടുന്ന സൂപ്പർ വില്ലനായി പ്രതിപക്ഷം മാറിയെന്നും കാറ്റുപോയ ബലൂണാണ് അടിയന്തര പ്രമേയമെന്നും വിമർശനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.