ഇ.​പി. ജ​യ​രാ​ജ​ൻ, പി. ജ​യ​രാ​ജ​ൻ

മൂപ്പിളമപ്പോര് വിഭാഗീയതയിലേക്ക്

കണ്ണൂർ: ജയരാജന്മാർ നേർക്കുനേർ കൊമ്പുകോർത്തതോടെ സി.പി.എം വീണ്ടും വിഭാഗീയതയുടെ കലുഷിത നാളുകളിലേക്ക്. പാർട്ടിയുടെ കരുത്തായ കണ്ണൂർ ലോബിയിലെ മൂപ്പിളമത്തർക്കമാണ് പുതിയ വിഭാഗീയതയുടെ കാതൽ. ജൂനിയറായ എം.വി. ഗോവിന്ദൻ തന്നെ മറികടന്ന് പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായതിന്റെ നീരസമാണ് ഇ.പി. ജയരാജന്.

പാർട്ടി സെക്രട്ടറിയായതിന് ശേഷം അവധിയെടുത്ത് മാറിനിൽക്കുന്ന ഇ.പിയുടെ നിസ്സഹകരണ നിലപാടിൽ എം.വി. ഗോവിന്ദന് കടുത്ത നീരസമുണ്ട്. ഇരുവരും പോരടിക്കുമ്പോൾ എം.വി. ഗോവിന്ദന്റെ പക്ഷംപിടിച്ച പി. ജയരാജൻ ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ഇ.പിക്കെതിരായ റിസോർട്ട് വിവാദം സംസ്ഥാന കമ്മിറ്റിയിൽ തുറന്നടിച്ച പി. ജയരാജൻ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിലും പാർട്ടി പൊതുയോഗത്തിലും പരോക്ഷമായി പറയുകയും ചെയ്തു. പി. ജയരാജന്റെ പടപ്പുറപ്പാടിന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അറിവും പിന്തുണയുമുണ്ടെന്നാണ് വിവരം.

എല്ലാംചേർന്ന് കണ്ണൂർ ലോബിയിൽ കലഹംമൂക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ നഷ്ടം അനുഭവിച്ചറിയുകയാണ് സി.പി.എം. സമവായത്തിന്റെ വക്താവായ കോടിയേരി നേതാക്കൾക്കിടയിലെ പാലമാണ്. വലിയ തർക്കങ്ങൾപോലും പാർട്ടിക്ക് പുറത്തുപോകാതെ പരിഹരിച്ചെടുക്കുന്നതാണ് കോടിയേരിയുടെ ശൈലി. അങ്ങനെയൊരു അനുനയനീക്കം ഇപ്പോഴത്തെ നേതൃത്വത്തിൽ നിന്നുണ്ടായില്ല.

ഇ.പി. ജയരാജൻ അവധിയെടുത്ത് മാറിനിൽക്കുന്നതിലേക്ക് നയിച്ച സാഹചര്യം അതാണ്. ഇ.പി. ജയരാജന്റെ വിമതസ്വരത്തിന് നേതൃത്വത്തിന്റെ തിരിച്ചടിയായാണ് റിസോർട്ട് വിവാദം വിലയിരുത്തപ്പെടുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം ഇ.പി. ജയരാജനെ ദുർബലനാക്കിയിട്ടുണ്ട്. പാർട്ടിയിൽ ഒറ്റപ്പെട്ടനിലയിലാണ് അദ്ദേഹം. എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയുമെന്നതുൾപ്പെടെ സൂചനകൾ ഇ.പി. ജയരാജൻ അടുപ്പക്കാർക്ക് നൽകിയിട്ടുണ്ട്.

അത്തരം കടുത്ത പ്രതികരണങ്ങൾ കൂടുതൽ കുഴപ്പങ്ങൾ വിളിച്ചുവരുത്തുമെന്ന ഉപദേശമാണ് അടുപ്പക്കാർ ഇ.പിക്ക് നൽകുന്നത്. തൽക്കാലം മിണ്ടാതിരിക്കുന്ന ഇ.പി. ജയരാജൻ അവധി അവസാനിപ്പിച്ച് പാർട്ടിയിൽ സജീവമാകാനാണ് സാധ്യത. ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണവും നടപടിയുമൊക്കെ വന്നാൽ അത് ഇ.പി. ജയരാജന് എന്നപോലെ പാർട്ടിക്കും ക്ഷീണമാണ്. അതിനാൽ, ഇ.പി വിമതസ്വരം മാറ്റിയാൽ നേതൃത്വത്തിന്റെ നിലപാടും മാറും. ഇ.പി. ജയരാജനെതിരായ പരാതി പി. ജയരാജൻ സംസ്ഥാന കമ്മിറ്റിക്ക് എഴുതിനൽകി അന്വേഷണം ആവശ്യപ്പെടാനിടയില്ല.

റിസോർട്ട് വിവാദത്തിന് തിരിച്ചടിക്കാനാണ് ഇ.പിയുടെ തീരുമാനമെങ്കിൽ അത് വലിയ കോളിളക്കമുണ്ടാക്കുമെന്നത് ഉറപ്പ്. അങ്ങനെ ഇ.പി. ജയരാജനും പാർട്ടിക്കും പരിക്കില്ലാതെ റിസോർട്ട് വിവാദം ഒടുങ്ങാനാണ് സാധ്യത. അപ്പോഴും കണ്ണൂർ ലോബിയിലെ വിഭാഗീയതയുടെ കനൽ അണയുന്നില്ല. മറ്റൊരുഘട്ടത്തിൽ മറ്റൊരു വിഷയത്തിൽ അത് വീണ്ടും മറനീക്കും.

Tags:    
News Summary - Dispute between EP Jayarajan and P Jayarajan;CPM to sectarianism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.