തിരുവനന്തപുരം: ബ്രൂവറി യൂനിറ്റും കോമ്പൗണ്ടിങ്, ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് യൂനിറ്റും അനുവദിച്ചത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുകമറ സൃഷ്ടിക്കുകയാണെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇടതുപക്ഷ മുന്നണി പ്രകടനപത്രികയിൽ പറയുന്ന നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടികൂടിയായാണ് മന്ത്രിയുടെ ലേഖനം.
മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെൻഡിങ്, കോമ്പൗണ്ടിങ് ആൻഡ് ബോട്ടിലിങ് യൂനിറ്റുകൾക്കുമാണ് തത്ത്വത്തിൽ അനുമതിനൽകിയത്. ഇതിലൊന്ന് പൊതുമേഖലയിലാണ്. പൊതുമേഖലയിലുള്ള ഒരു യൂനിറ്റിെൻറ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിെൻറ എട്ടുശതമാനവും ബിയറിെൻറ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്. സംസ്ഥാനത്തിനകത്തുതന്നെ ബിയർ ഉൽപാദിപ്പിക്കാനും ബോട്ടിലിങ് യൂനിറ്റ് സ്ഥാപിക്കാനും സാധിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നിരവധിപേർക്ക് തൊഴിൽലഭ്യമാക്കാനും സാധിക്കും.
ഡ്യൂട്ടിയിനത്തിൽ അധികവരുമാനവും ലഭ്യമാകും. ഇതിനാലാണ് അനുമതി നൽകിയത്. ഇതിനൊപ്പം പാലക്കാട് ചിറ്റൂർ ഷുഗേഴ്സ് കോഓപറേറ്റിവ് സൊസൈറ്റി (ചികോപ്സ്) ലിമിറ്റഡ് സ്ഥലത്ത് വിദേശമദ്യനിർമാണത്തിന് മലബാർ ഡിസ്റ്റിലറീസ് മാനേജർ സമർപ്പിച്ച അപേക്ഷപ്രകാരം അഞ്ച് ലൈൻ ബോട്ടിലിങ് യൂനിറ്റിന് ആഗസ്റ്റ് 31ന് അനുമതി നൽകിയിരുന്നു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ അഡീഷനൽ ബോട്ടിലിങ് ലൈൻ തുടങ്ങാൻ ജൂലൈ 24ന് അനുമതി നൽകിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.
നാളിതുവരെ സംസ്ഥാനത്ത് പുറപ്പെടുവിച്ച ഒരു അബ്കാരി നയത്തിലും ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നത് പരാമർശിച്ചിട്ടില്ല. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കില്ലെന്ന് അബ്കാരിനയങ്ങളിൽ പറഞ്ഞിട്ടുമില്ല. ഇത് നയപരമായി പ്രഖ്യാപിക്കേണ്ടതല്ല. സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ പരിശോധന നടത്തി തീരുമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ഭരണകാലയളവിലും പത്രപരസ്യം നൽകിയല്ല അപേക്ഷകൾ സ്വീകരിച്ചത്. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് മേൽനടപടി സ്വീകരിക്കുന്നതാണ് പതിവ്. ബ്രൂവറിയും മറ്റും അനുവദിക്കുന്നതിനായി മന്ത്രിസഭയുടെ അനുമതിവേണ്ട.
റൂൾസ് ഓഫ് ബിസിനസ് പരിശോധിച്ചാൽ പ്രതിപക്ഷനേതാവിന് മനസ്സിലാക്കാം. എക്സൈസ് കമീഷണറുടെ പരിശോധനകൾക്കുശേഷം ലൈസൻസ് ലഭിച്ചെങ്കിൽ മാത്രമേ ബ്രൂവറികൾക്കും കോമ്പൗണ്ടിങ്-ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് യൂനിറ്റിനും പ്രവർത്തിക്കാൻ കഴിയൂ. മാത്രമല്ല ജലലഭ്യത, പാരിസ്ഥിതികാഘാതം, മലിനീകരണം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂ.
കിൻഫ്ര ഭൂമിയുടെ പേരിലും വ്യാജ പ്രചാരണം നടത്തുകയാണ്. അപേക്ഷകന് ഭൂമി നൽകാമെന്ന കിൻഫ്രയുടെ എൻ.ഒ.സി ബ്രൂവറിക്ക് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഈ എൻ.ഒ.സിയുടെയും എക്സൈസ് കമീഷണറുടെ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിലാണ് കിൻഫ്രയുടെ ഭൂമിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നതായി പറഞ്ഞ ബ്രൂവറിക്ക് അനുമതിനൽകിയത്. മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.