കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്ത വകയിൽ കുടിശ്ശികയായി ലഭിക്കാനുള്ള 650 കോടിയിലേറെ രൂപ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിതരണക്കാർ സപ്ലൈകോ ആസ്ഥാനത്ത് സൂചനസമരം നടത്തി. ആറുമാസത്തെ കുടിശ്ശിക നൽകണമെന്നും വിതരണക്കാരെ ബാങ്ക് ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊച്ചി ഗാന്ധിനഗർ സപ്ലൈകോ ആസ്ഥാനത്തിനു മുന്നിൽ കേരളപ്പിറവി ദിനത്തിൽ ധർണ നടത്തിയത്.
ആറുമാസത്തിലേറെയായി ബാങ്കിന്റെ പലിശപോലും അടക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കേരള, ആന്ധ്ര, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് സമരത്തിൽ പങ്കെടുക്കാനെത്തിയ വിതരണക്കാരുടെ പ്രതിനിധികൾ പറഞ്ഞു.
ബാങ്ക് ജപ്തി നോട്ടീസുകൾ നിരന്തരം ലഭിച്ചുതുടങ്ങിയ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 1500 കമ്പനികൾക്കാണ് പണം കൊടുക്കാനുള്ളത്. ജി.എസ്.ടി പോലും അടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വിതരണക്കാർ. റവന്യൂ റിക്കവറിയിലേക്ക് നീങ്ങുമെന്ന് ജി.എസ്.ടി വകുപ്പ് മുന്നറിയിപ്പ് നൽകിയതായും വിതരണക്കാരുടെ കൂട്ടായ്മ പറയുന്നു.
ആന്ധ്രപ്രദേശ് ശ്രീലക്ഷ്മി റൈസ് മിൽ ആൻഡ് ഹൈജീനിക് ഫുഡ് ഉടമ ശ്രീനിവാസ് റെഡ്ഡി, അമിത് സത്യൻ (യൂനിബിക് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), പ്രമോദ് കൃഷ്ണ (ഡെവോൺ ഫുഡ്സ്), സെബി ആൽബർട്ട് (ആൽബർട്ട് ആൻഡ് സൺസ്), ബാബുരാജ് (മദീന സ്റ്റാർ), കിച്ചൻ ട്രഷേഴ്സ്, മേളം ഫുഡ്സ്, എലൈറ്റ് ഫുഡ്സ്, ഈസ്റ്റേൺ, ഗ്രീൻ മൗണ്ട്, തുടങ്ങിയ ഭക്ഷ്യോൽപന്ന വിതരണ കമ്പനികളുടെ പ്രതിനിധികൾ ധർണയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.