ഭരണം ലഭിച്ചതുകൊണ്ട് മറ്റുള്ളവരുടെ മേക്കിട്ട് കയറാമെന്ന് വിചാരിക്കരുത്- കോടിയേരി ബാലകൃഷ്ണൻ

കോഴിക്കോട്: സംസ്ഥാനത്ത് ഭരണം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാർട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇങ്ങനെയുള്ളവരുടെ സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കുമെന്നും ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.

സംസ്ഥാനഭരണം ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതരുത്. സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്താണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന്റെ മാത്രം സര്‍ക്കാരല്ല. എല്ലാവരുടെയും സര്‍ക്കാരാണ്. അതുകൊണ്ട്, എല്ലാവര്‍ക്കും നീതി എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ല. പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സി.പി.എം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർട്ടി അംഗീകരിക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

'കൊല നടത്തി പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതരുത്. കൊലയ്ക്ക് പകരം കൊലയെന്നത് സി.പി.ഐ.എമ്മിന്റെ നയമല്ല. ആര്‍.എസ്.എസിന്റെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യപരമായും സമാധാനപരമായും ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം,' കോടിയേരി പറഞ്ഞു.

Tags:    
News Summary - kodiyeri balakrishnan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.