തിരുവനന്തപുരം: തുടർച്ചയായ തോല്‍വിക്ക് ശേഷം തൃക്കാക്കരയിലെ വിജയം കേരളത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതൊരു തുടക്കം മാത്രമാണ്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ യു.ഡി.എഫിന് കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയുകയുള്ളൂ. തൃക്കാക്കരയിലെ വിജയം നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് വരും കാലത്തേക്കുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തില്‍ കോണ്‍ഗ്രസിന് ഒരേയൊരു ലീഡറെയുള്ളൂ. അത് കെ. കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളല്ല ഞാന്‍. ക്യാപ്റ്റന്‍, ലീഡര്‍ പോലുള്ള കെണികളില്‍ വീഴില്ല. കൂട്ടായ നേതൃമാണ് തൃക്കാക്കരയിലെ വിജയത്തിന് പിന്നില്‍. നഗരത്തില്‍ എന്റെ ചിത്രം വച്ചുള്ള ഫ്ലക്‌സുകള്‍ നീക്കം ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് തൃക്കാക്കരയിലെ വിജയം. എല്ലാവരുടെയും നടത്തിയ കഠിനാധ്വാനത്തിന്റെ വിജയമാണ് അവിടെയുണ്ടായത്. എല്ലാവരെയും ഏകോപിപ്പിക്കുക എന്ന ചുമതല മാത്രമാണ് ഞാന്‍ നടത്തിയത്. ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയുമൊന്നും കോണ്‍ഗ്രസിനെ നന്നാക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. അത് ഇനിയും സാധിക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയില്‍ കരുത്തുറ്റ രണ്ടാം നിര വളര്‍ന്ന് വരുകയാണ്. അത് ഭാവിയിലേക്കള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്. അവരെ പ്രോത്സാഹിപ്പിക്കും. അതിന് ഗ്രൂപ്പൊന്നുമില്ല. അക്കാര്യം കെ.പി.സി.സി അധ്യക്ഷനും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം നിര മാത്രമല്ല. മൂന്നാം നിരയെയും നാലാം നിരയെയും ശക്തിപ്പെടുത്തണം. ചെറുപ്പക്കാരെയും സ്ത്രീകളെയും മുന്നോട്ട് കൊണ്ടുവരണം. വനിത എം.പിക്ക് പിന്നാലെ നിയമസഭയിലേക്കും കോണ്‍ഗ്രസ് പ്രതിനിധിയായി ഒരു വനിത കൂടി എത്തിയിരിക്കുകയാണ്. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയത് സ്ത്രീകള്‍ക്കിടയില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും അനുകൂലമായ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
തൃക്കാക്കരയിലെ തോല്‍വിയെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങള്‍ മറന്നാണ് യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ 20 മന്ത്രിമാരും മുഖ്യമന്ത്രിയും തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്തത്. അതിന്റെ ഫലമായുണ്ടായ ദുരന്തമാണ് ഇപ്പോള്‍ സംസ്ഥാനം അനുഭവിക്കുന്നത്. സ്‌കൂളുകളില്‍ വ്യാപകമായി ഭക്ഷ്യവിഷബാധയാണ്. ജനപ്രതിനിധികള്‍ കുട്ടികള്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവര്‍ ഒപ്പമിരുന്ന് കഴിച്ചാല്‍ ഭക്ഷ്യവിഷബാധ ഇല്ലാതാകുമോ? സ്‌കൂളുകളിലേക്ക് വിതരണം ചെയ്തിരിക്കുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടോയെന്നാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.