ആദിവാസി വിഭാഗങ്ങളുടെ ഇടയിൽ പണിയരുടെ ആരോഗ്യം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇവരുടെ ആരോഗ്യ ആവശ്യങ്ങൾ ഒരിക്കലും നിറവേറ്റപ്പെടാറില്ല. ഭാരക്കുറവ്, രക്തക്കുറവ്, കണ്ഠവീക്കം എന്നിവ അവരുടെ ഇടയിലാണ് ഏറ്റവും ഉയർന്ന തോതിലുള്ളത്. പ്രായപൂർത്തിയായവരിൽ ക്ഷയരോഗവുമുണ്ട്. കാഴ്ചക്കുറവുണ്ട്. 20 ശതമാനം പണിയർക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ അപ്രാപ്യവുമാണ്. ആദ്യകാലത്ത് വളരെയധികം കാട്ടുകിഴങ്ങും ഔഷധ സസ്യങ്ങളും ഞണ്ടും കഴിച്ചിരുന്നു.
ഇന്നവരുടെ ഭക്ഷണരീതി വളരെയധികം മാറി. ആദിവാസികളുടെ ഇടയിലെ പോഷകാഹാരക്കുറവിന്റെ പ്രധാന കാരണം ഇതാണ്. വനനശീകരണവും കൃഷി ഇടങ്ങളിൽ അമിത കീടനാശിനി ഉപയോഗവും ഭക്ഷണ രീതിയിൽ മാറ്റം വരുത്തി. നല്ല ഭക്ഷണ രീതികളെക്കുറിച്ചുള്ള അറിവിന്റെ അഭാവവും ഭക്ഷണ രീതിമാറ്റത്തിന് കാരണമായി. കുറഞ്ഞ വരുമാനം അവർക്ക് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും പ്രാപ്തരാക്കുന്നില്ല.
ആദിവാസികൾക്കിടയിലെ ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, രക്തക്കുറവ്, ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ എന്നിവയാണ്. മുറുക്ക്, പുകയില ഉപയോഗം, മദ്യപാനം, കട്ടൻചായ തുടർച്ചയായി ഉപയോഗിക്കുന്നത് എന്നിവയാലുണ്ടാക്കുന്ന പുണ്ണുകൾ മറ്റ് ആരോഗ്യപ്രശ്നമാണ്. മദ്യപാനം കാരണം പുറംവേദനയും ശരീര വേദനയും വ്യാപകമായിട്ടുണ്ട്. കുട്ടികളിൽ ജീവകം എയുടെ കുറവ് സർവസാധാരണമാണ്.
വീട് നിർമാണത്തിലും വഞ്ചന...
ജില്ലയിലെ കാട്ടുനായ്ക്ക, പണിയ, ഊരാളി സമുദായങ്ങൾക്ക് സർക്കാർ സഹായത്തോടെ നിർമിക്കുന്ന വീടുകൾ കാലാവധി പൂർത്തിയാവുന്നതിനുമുമ്പെ ജീർണിക്കുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതി പ്രകാരം ആറു ലക്ഷം രൂപയാണ് ഗോത്ര വിഭാഗത്തിന് വീട് നിർമാണത്തിന് അനുവദിക്കുന്നത്. ഒരു കാത്തിരിപ്പുകേന്ദ്രത്തിന് കുറഞ്ഞത് 15 ലക്ഷം രൂപ വരെ സർക്കാർ ഫണ്ടുകൾ അനുവദിക്കുമ്പോഴാണ് ഒരു വീട് നിർമിക്കാൻ ആദിവാസികൾക്ക് ഈ കുറഞ്ഞ തുക അനുവദിക്കുന്നത്. അനുവദിക്കുന്ന വീടുകളുടെ നിർമാണം കരാറുകാരാണ് ഏറ്റെടുക്കുന്നത്.
ഇവർ നിർമാണത്തിൽ കൃത്രിമം കാണിക്കുന്നതാണ് വീടുകളുടെ തകർച്ചക്ക് കാരണമാകുന്നതെന്ന് കോളനിക്കാർ പറയുന്നു. നിർമാണം പൂർത്തിയാക്കി താമസം തുടങ്ങി കുറച്ചു വർഷങ്ങൾ ആവുമ്പോഴേക്കും ചുമരുകൾക്ക് വിള്ളൽ, മേൽക്കൂരയിൽ ചോർച്ച, മുകളിൽനിന്ന് നനവ് പടർന്ന് ചുമരുകൾക്ക് ജീർണാവസ്ഥ, വീടിന്റെ തറകൾക്ക് വിള്ളൽ, മേൽക്കുരയിലെയും സ്ലാബിലെയും തേപ്പ് അടർന്നു വീഴൽ എന്നിങ്ങനെ നിരവധി പ്രയാസങ്ങളാണ് ഇത്തരം വീടുകളിൽ കിടന്ന് ഗോത്രസമൂഹം അനുഭവിക്കുന്നത്.
കക്കൂസുകളുടെ അവസ്ഥയും പരിതാപകരമാണ്. ലൈഫ് മിഷൻ പദ്ധതിയിൽ വീടിനപേക്ഷിക്കുന്നവർക്ക് വീട് അനുവദിച്ചെന്ന കാര്യം ഗുണഭോക്താവ് അറിയുന്നതിന് മുമ്പും തന്നെ പട്ടിക കോൺട്രാക്ടരുമാരുടെ കൈയിൽ എത്തുന്നു. കരാറുകാർ വന്ന് ഗുണഭോക്താവിനോട് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവ ചോദിക്കുമ്പോഴാണ് തങ്ങൾക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന കാര്യം അറിയുന്നത്. അനുവദിക്കുന്ന തുക ഗോത്ര വിഭാഗത്തിന് നൽകിയാൽ ദുരുപയോഗം ചെയ്യുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആദിവാസികളുടെ കൈയിൽ നേരിട്ട് പണം നൽകാതെ കരാറുകാർക്ക് വീട് നിർമാണത്തിന് നൽകുന്നത്.
ഏറ്റെടുക്കുന്ന കരാറുകാർ തങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനുമനുസരിച്ചാണ് വീടുകൾ നിർമിച്ചു നൽകുക. പലപ്പോഴും വീട് നിർമാണം പൂർത്തിയാവാൻ കാലതാമസവും നേരിടുന്നു. എത്രയോ വീടുകൾ പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാർ മുങ്ങുന്ന കാഴ്ചയും കോളനിക്കാർക്ക് പറയാനുണ്ട്. പല വീടുകളും വൈദ്യുതീകരണം പോലും നടത്താതെ കിടക്കുകയാണ്. വീടുകൾക്ക് ജനലും വാതിലും വെച്ചു കൊടുക്കാതെയും പ്രയാസപ്പെടുത്തുന്നു. തറകൾ പലതും സിമന്റ് പരുക്കനിട്ട് അവസാനിപ്പിക്കുന്നു. ഫണ്ട് ഉപയോഗിച്ച് അവരുടെ ഇഷ്ടപ്രകാരം വീട് നിർമിക്കാൻ അനുവദിക്കാറില്ല. വീടുകൾക്ക് അനുവദിക്കുന്ന ഫണ്ട് വാങ്ങി മുങ്ങുന്ന കരാറുകാർക്കെതിരെ നടപടി വേണമെന്നാണ് കോളനിക്കാർ പറയുന്നത്. എന്നാൽ പട്ടികവർഗത്തിൽ തന്നെയുള്ള മുള്ളുകുറുമർ, കുറിച്യർ സ്വന്തം നിലയിലാണ് വീടുകൾ നിർമിക്കുന്നത്. കരാറുകാരന്റെ സഹായമില്ലാതെ നേരിട്ട് വീട് നിർമിച്ചവർക്ക് എല്ലാ പണികളും പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ട്.
ജോലിയില്ല...
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവരും അത്യാഗ്രഹം ഇല്ലാത്തവരുമാണ് ആദിവാസികൾ. വേദന സഹിക്കാൻ കഴിവുള്ളവരാണ്. പട്ടിണി കിടക്കാൻ വിഷമമില്ല. നിലവിൽ പണിയരെ സംബന്ധിച്ചിടത്തോളം തൊഴിൽ ഇല്ലെന്നത് അവർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. ആകെയുള്ളത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ട തൊഴിലുകൾ മാത്രമാണ്. 350 രൂപയാണ് കൂലി. ഒരു ദിവസത്തെ ചെലവിന് ഇന്നത്തെ കാലത്ത് ഈ തുക തികയില്ല. അതിനാൽ പലപ്പോഴും കടം വാങ്ങേണ്ട അവസ്ഥയാണ്. ഭൂവുടമകളടക്കം തൊഴിലുറപ്പ് പദ്ധതികളെ ആശ്രയിക്കുന്നത് കാരണം പുറത്തുനിന്ന് ആരും കൂലിത്തൊഴിലിന് ഇവരെ വിളിക്കാത്ത അവസ്ഥയാണ്.
വനത്തിൽ ജീവിതം തുടരുന്നവർക്ക് കാടിനുള്ളിൽ നിന്ന് പുറത്തേക്കു വരാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയും ആദിവാസികളെ ദുരിതത്തിലാക്കുന്നു. ആ പദ്ധതിയിൽ ഉൾപ്പെട്ട വനഗ്രാമങ്ങളിൽനിന്നും പുറത്തുവന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു കുടുംബത്തിന് സർക്കാർ നൽകുന്നത് പത്തു ലക്ഷം രൂപയാണ്. തുച്ഛമായ ഈ തുക കൊണ്ട് ജനവാസമേഖലയിൽ ഭൂമി വാങ്ങാനും വീട് നിർമിക്കാനും സാധിക്കില്ല.
കാടിറങ്ങാൻ ഇഷ്ടമില്ലെങ്കിൽ സ്വയം സന്നദ്ധ പുനരധിവാസ പ്രദേശമായതുകൊണ്ട് യാതൊരു തരത്തിലുമുള്ള വികസനവും ഗ്രാമത്തിൽ നടപ്പാക്കാനും കഴിയില്ല. വൈദ്യുതി, റോഡ്, വാഹന സൗകര്യം, വീട് നിർമാണം, വീടിന്റെ അറ്റകുറ്റപ്പണി എന്നീ സൗകര്യങ്ങൾ ഒരുക്കാനാവാതെ ദുരിതജീവിതം നയിക്കേണ്ട അവസ്ഥയിലാണ് പലരും വനഗ്രാമത്തിൽ. കാടിറങ്ങിയാൽ നാട്ടിലെ വികസനത്തിനൊപ്പം ജീവിക്കാനും ഇറങ്ങിയില്ലെങ്കിൽ ഒരു വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ഈ ഭൂമിയിൽ ജീവിക്കേണ്ട അവസ്ഥയിലാണ് കാടിന്റെ മക്കൾ.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.