കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി പ്രളയക്കാടുള്ള ആ വീട്ടിൽ ചൊവ്വാഴ്ച ഒന്നരവയസ്സുള്ള ഉണ്ണിയെന്ന കുട്ടായിയെന്ന എൽവിൻ ഒരാളെ കാത്തിരിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് കമിഴ്ന്നുകിടക്കുന്ന പ്രായത്തിൽതന്നെ ഒരു മാസത്തോളം പരിപാലിച്ച മേരിയമ്മ തനിക്കായി ചോക്ലറ്റ് കേക്കും കൊണ്ടു വരുന്നതിനായിരുന്നു ആ ഹൃദ്യമായ കൂടിച്ചേരലിെൻറ ഒന്നാം വാർഷികത്തിൽ അവെൻറ കാത്തുനിൽപ്.
കോവിഡ് ബാധിതരായ നഴ്സ് ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകനെ ഒരു മാസത്തോളം സ്വന്തം കുഞ്ഞിനെയെന്ന പോൽ പരിചരിച്ച മേരി അനിതയുടെ കരുതലിനെക്കുറിച്ചോർമയില്ലേ. ഹരിയാനയിൽ നഴ്സായ പെരുമ്പാവൂർ സ്വദേശി എൽദോസിെൻറയും ഷീനയുടെയും മകൻ എൽവിനെ ബന്ധുക്കൾക്കൊന്നും പരിപാലിക്കാനാവാത്ത സാഹചര്യത്തിൽ ധൈര്യസമേതം സാമൂഹികപ്രവർത്തക ഡോ.മേരി അനിത ഏറ്റെടുത്തതിെൻറ ഒന്നാം വാർഷികമായിരുന്നു ചൊവ്വാഴ്ച.
പോറ്റമ്മയായതിെൻറ ഒന്നാം വാർഷികത്തിൽ തെൻറ ഉണ്ണിക്കുട്ടന് സ്വന്തമായുണ്ടാക്കിയ ചോക്ലറ്റ് കേക്കുമായാണ് മേരി അനിതയെത്തിയത്. ഒരു വർഷം മുമ്പ് ഇതേ ദിനത്തിൽ അപരിചിതത്വത്തിെൻറയും ആശങ്കയുടെയും വേലികൾ ഇരുവർക്കുമിടയിലുണ്ടായിരുെന്നങ്കിലും സ്നേഹവാത്സല്യങ്ങളുടെ നിറമഴ പെയ്യുന്ന കാഴ്ചയായിരുന്നു ചൊവ്വാഴ്ച.
2020 ജൂൺ 15നാണ് എറണാകുളം ഗവ.മെഡിക്കൽ കോളജിൽവെച്ച് ഒരു ഡയപർ മാത്രമിട്ട, കുറുമ്പിെൻറ കരച്ചിലോടെ കുട്ടായി മേരിയുടെ കൈകളിലെത്തിയത്. ആദ്യം ഇണക്കിയെടുക്കാൻ പാടുപെട്ടെങ്കിലും ഉണ്ണീ എന്ന വിളിയിലൂടെ തുടങ്ങിയ അടുപ്പം അവരെ പിരിയാനാവാത്ത കൂട്ടുകാരാക്കി. മാതാപിതാക്കൾ രോഗമുക്തരായി ക്വാറൻറീൻ കഴിയുംവരെ അവർ വളർത്തമ്മയും കുഞ്ഞുമായി.
ജൂലൈ 15ന് വികാരതീവ്രമായ നിമിഷങ്ങൾക്കൊടുവിലാണ് ഉണ്ണിയും മേരിയമ്മയും പിരിഞ്ഞത്. മേരി അനിതയെ ഉള്ളുനിറയെ സ്നേഹത്തോടെയാണ് ഉണ്ണി വരവേറ്റത്. പല്ലുതേക്കുന്നതും സൈക്കിൾ ഓടിക്കുന്നതുമെല്ലാം അവൻ മേരിയമ്മയെ കൺനിറയെ കാണിച്ചുകൊടുത്തു. ഹൈകോടതി അഭിഭാഷകനായ ഭർത്താവ് അഡ്വ.സാബു തൊഴൂപ്പാടൻ, ഇളയമകൾ മൗഷ്മി എന്നിവരും മേരി അനിതക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.