ഡോ. ജിജി വി. കുരുട്ടുകുളത്തെ അഭിനന്ദിക്കുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് ക്യാപ്റ്റൻ

വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; രക്ഷയായി 'സ്മാർട്ട് വാച്ചും' മലയാളി ഡോക്ടറും

ആലുവ: വിമാനത്തിൽ ശാരീരിക അവശതകൾ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച് !!.

ജൂലൈ രണ്ടിന് രാത്രി ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയിൽ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു.

തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച്, ഡോ.ജിജി രോഗിയെ പരിശോധിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിൾ സ്‌മാർട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ച് രോഗിയുടെ ഓക്‌സിജൻ സാച്ചുറേഷൻ കുറവാണെന്നും, രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി.

വിമാനത്തിൽ ലഭ്യമായിരുന്ന മെഡിക്കൽ കിറ്റിൽ നിന്നും ഡോ.ജിജി ആവശ്യമായ മരുന്നുകൾ നൽകിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്ലൈറ്റ് വഴിതിരിച്ചു വിടാനുളള തീരുമാനം ഡോക്ടറുടെ ഉറപ്പിൽ ക്യാപ്റ്റൻ വേണ്ടെന്ന് വെച്ചു. മുൻകൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാൻഫ്രാൻസിസ്കോയിൽ പറന്നിറങ്ങി.

ജീവനക്കാർ നേരത്തെ അറിയിച്ചതനുസരിച്ച് മെഡിക്കൽ സംഘം വിമാനത്താവളത്തിൽ രോഗിയെ കാത്ത് നിന്നിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.

സ്‌മാർട്ട് വാച്ച് പോലുള്ള ഗാഡ്‌ജെറ്റുകളും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗപ്രദമാകുമെന്നും ഡോ. ജിജി ഓർമ്മിപ്പിച്ചു. ഡോക്ടറുടെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും, ക്യാപ്റ്റനും നന്ദി അറിയിച്ചു. വിമാനത്തിന്റെ ക്യാപ്റ്റൻ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നൽകി. ഒമ്പത് വർഷത്തിലധികമായി രാജഗിരി ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിക്കുകയാണ് ഡോ. ജിജി വി. കുരുട്ടുകുളം. 

Tags:    
News Summary - Doctor saves plane passenger using Apple Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.