തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോയുടെ വിപണി ഇടപെടലിലൂടെ പിടിച്ചുനിർത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. കഴിഞ്ഞ എട്ടുവർഷമായി പതിമൂന്നിനം നിത്യോപയോഗ വസ്തുക്കൾക്ക് സപ്ലൈകോ സ്റ്റോറുകളിൽ വിലകൂട്ടിയിട്ടില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഈ സാധനങ്ങളിൽ എട്ടിനങ്ങൾ ഓണക്കാലത്തുപോലും സപ്ലൈകോ സ്റ്റോറുകളിൽ കിട്ടാനില്ല. ഓണക്കാലത്ത് വിലകൂടില്ലെന്ന ഉറപ്പോടെ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫേസ്ബുക്ക് പേജിൽ 13 സബ്സിഡി സാധനങ്ങളുടെ വിലവിവരപട്ടിക നൽകിയത്. എന്നാൽ, സബ്സിഡി സാധനങ്ങളായ ചെറുപയർ, വൻ പയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മുളക് , മല്ലി, ജയ അരി എന്നിവ പല സ്റ്റോറുകളിലും സ്റ്റോക്ക് തീർന്നിട്ട് മാസങ്ങളായി. ഇതോടെ പൊതുവിപണിയിൽനിന്ന് ഉയർന്ന വിലക്ക് സാധനങ്ങൾ വാങ്ങേണ്ട സാഹചര്യത്തിലാണ് സാധാരണക്കാർ.
തെക്കൻ കേരളത്തിൽ പ്രിയങ്കരമായ ജയ അരി കിലോക്ക് 25 രൂപ നിരക്കിലാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. എന്നാൽ, തിരുവനന്തപുരത്ത് ജയക്ക് മൊത്തവിപണിയിൽ 46 രൂപയാണ് വില. സപ്ലൈകോ സ്റ്റോറുകളിൽ വറ്റൽ മുളക് എത്തിയിട്ട് മാസങ്ങളായി. കുടിശ്ശിക തീർക്കാതെ സാധനങ്ങൾ നൽകില്ലെന്ന വിതരണക്കാരുടെയും കമ്പനികളുടെയും നിലപാടാണ് സർക്കാറിന് തിരിച്ചടിയായത്. സബ്സിഡി ഇനത്തിലേക്ക് മാത്രമായി ഭക്ഷ്യോൽപന്നങ്ങൾ വാങ്ങിയ വകയിൽ 558 കോടിയാണ് വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്. ബിൽതുക തീർത്തുനൽകിയത് കഴിഞ്ഞ മാർച്ചുവരെ മാത്രം. വിവിധ സംസ്ഥാനങ്ങളിലെ 70 വിതരണക്കാർക്കായി 1193 ബില്ലുകളിൽ നാലുമാസത്തെ തുകയാണിപ്പോൾ കുടിശ്ശിക. വിതരണക്കാർ ഭക്ഷ്യോൽപന്നങ്ങൾ നൽകാൻ മടിച്ചുതുടങ്ങിയതോടെ സബ്സിഡി ഉൽപന്നങ്ങൾക്കുള്ള ഓർഡർ സപ്ലൈകോ നിർത്തിയിരിക്കുകയാണ്.
ഓണക്കാലത്തെ വിപണി ഇടപെടലിന് 70 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. 70 കോടി അപര്യാപ്തമാണെന്ന് സപ്ലൈകോ അധികൃതർ ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം വ്യാപക ക്ഷാമമില്ലെന്നും സാധനങ്ങളെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.