തിരുവനന്തപുരം: നിയന്ത്രണനടപടി എങ്ങുമെത്താതായതോടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ആറുമാസത്തിനിടെ, 1.45 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്. 2022 ൽ രണ്ടു ലക്ഷത്തോളം പേർക്കാണ് കടിയേറ്റത്. ഈ വർഷം ആറുമാസം കൊണ്ടുതന്നെ ഒന്നരലക്ഷത്തോളം പേർ ഇരയായത് തെരുവുനായ് ആക്രമണത്തിന്റെ രൂക്ഷത അടിവരയിടുന്നു.
ജൂണിൽ ഇതുവരെ 20,000 പേർക്കാണ് കടിയേറ്റത്. ജനുവരിയിൽ 22,900 ഉം ഫെബ്രുവരിയിൽ 25,000 ഉം മാർച്ചിൽ 31,100 ഉം ഏപ്രിലിൽ 30000 പേർക്കും കടിയേറ്റിരുന്നു. മേയിൽ 28,600 പേർക്കും. ഈ വർഷം ഏഴുപേർ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 170 ഹോട്സ്പോട്ട് നിലവിലുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ആകെ 2.89 ലക്ഷം തെരുവുനായ്ക്കളും 8.3 ലക്ഷം വളര്‍ത്തുനായ്ക്കളും സംസ്ഥാനത്തുണ്ട്. ഇതിൽ 4.7 ലക്ഷത്തോളം വളര്‍ത്തുനായ്ക്കൾക്കും 33,363 തെരുവുനായ്ക്കൾക്കും മാത്രമാണ് പേ വിഷ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുള്ളത്. 18,852 തെരുവുനായ്ക്കളെ മാത്രമേ വന്ധ്യംകരിക്കാനായിട്ടുള്ളൂ.
പ്രതിദിനം കടിയേൽക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള കേന്ദ്രമാർഗ നിർദേശങ്ങൾ സംസ്ഥാനത്തിന്റെ കർമപദ്ധതികൾക്കും പുതിയ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നീക്കങ്ങൾക്കും വെല്ലുവിളിയാകുകയാണ്. വന്ധ്യംകരിക്കുന്നതിനുള്ള സെന്ററുകൾക്ക് (എ.ബി.സി) പ്രവർത്തനാനുമതി ലഭിക്കാൻ ഈ കേന്ദ്രത്തിലെ വെറ്ററിനറി ഡോക്ടർമാരിൽ ഒരാളെങ്കിലും കുറഞ്ഞത് 2000 വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. അനിമൽ ബർത്ത് കൺട്രോൾ റൂൾസിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. നിലവിൽ 18 എ.ബി.സി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിൽ 30ൽ താഴെ ഡോക്ടർമാരാണുള്ളത്. അഞ്ച് ജില്ലകളിൽ ഇത്തരം കേന്ദ്രങ്ങളേയില്ല. വെറ്ററിനറി കോഴ്സുകൾ പഠിച്ചിറങ്ങുന്നവരെയെല്ലാം സർജറി ചെയ്യാൻ അനുവദിക്കണമെന്ന കേരള വെറ്ററിനറി കൗണ്‍സിലിന്റെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.