കാക്കനാട്: തെരുവുനായെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫിെൻറ ലൈസൻസ് മൂന്നുമാസത്തേക്കും വാഹന പെർമിറ്റ് ഒരുമാസത്തേക്കും സസ്പെൻഡ് ചെയ്തു. എറണാകുളം ആർ.ടി.ഒ ബാബു ജോണിന്‍റെ നിർദേശപ്രകാരം പറവൂർ ജോയൻറ് ആർ.ടി.ഒ രാജീവാണ് നടപടി സ്വീകരിച്ചത്.
യൂസുഫിന് തിങ്കളാഴ്ച കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വിശദീകരണം തൃപ്തികരമല്ലാതെ വന്നതോടെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മാസത്തേക്ക് എല്ലാ തരത്തിലുള്ള മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽനിന്നും വിലക്കി. വിലക്ക് ലംഘിച്ചാൽ കടുത്ത ശിക്ഷനടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.
കുന്നുകര പഞ്ചായത്തിലെ ചാലാക്ക-കുത്തിയതോട് റോഡില്‍ കഴിഞ്ഞ 11ന് രാവിലെ 11ഓടെയാണ് സംഭവം. ഓടുന്ന കാറിന്‍റെ പിറകിൽ നായെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ യൂസുഫിനെതിരെ വ്യാപക ജനരോഷമുയർന്നിരുന്നു. തുടർന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കുകയും മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.