നായ്ക്കൾ വിലസുന്നു; അധികൃതർ ഉറക്കത്തിൽ

പത്തനംതിട്ട: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ജനജീവിതം ദുസ്സഹമായി. മാസങ്ങളായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഒടുവിലത്തെ സംഭവമാണ് റാന്നി പെരുനാട്ടിലേത്. വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയ പെൺകുട്ടിയുടെ കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്താണ് കടിയേറ്റത്.

ജില്ല ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും നായ്ക്കൾ പെരുകുന്നുണ്ട്. നായ് പിടിത്തത്തിലും ഇവകളുടെ വന്ധ്യംകരണ പദ്ധതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്നാക്കം പോയിരിക്കുകയാണ്. വന്ധ്യംകരണം നിലച്ചിട്ട് ഒരുവർഷമായി. നേരത്തേ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വന്ധ്യംകരിച്ചു തുടങ്ങിയപ്പോൾ നായ് ശല്യത്തിന് കുറവു വന്നിരുന്നു. എന്നാൽ, ഇവ ഇപ്പോൾ പെറ്റുപെരുകി.

ഇതിനിടെ നായ്ക്കളെ പിടിക്കാൻ പരിശീലനം ലഭിച്ചവരെ കിട്ടാനില്ലെന്ന് തദ്ദേശ സ്ഥാപന അധികൃതർ പറയുന്നു. പരിശീലനം ലഭിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. ഇതിന്‍റെ ഭാഗമായി അറിയിപ്പ് നൽകി. ജില്ലയിലെ മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകാൻ താൽപര്യമുള്ള ഡോഗ് ക്യാച്ചേഴ്സ്, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ പിന്തുണ അധികൃതർ തേടിയിട്ടുണ്ട്.

റോഡരികിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ ഇരുചക്ര വാഹനയാത്രക്കാർക്കു നേരെ പാഞ്ഞടുക്കുന്നതോടെ പലപ്പോഴും അപകടങ്ങളും ഉണ്ടാകുന്നു. പത്തനംതിട്ട നഗരത്തിൽ ഒറ്റ നായ്തന്നെ 15 പേരെയാണ് കടിച്ചത്. അടൂരിൽ ഒമ്പതുപേർക്കാണ് കടിയേറ്റത്.

തിരുവല്ല പട്ടണത്തിലും ശല്യം വർധിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഭയപ്പാടിലാണ്. ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് പലപ്പോഴും നായ്ക്കൾ അക്രമാസക്തമാവുന്നത്. ഹോട്ടലുകളിലെ അവശിഷ്ടങ്ങൾ സംഭരിച്ച് പന്നിഫാമുകളിലേക്ക് കൊണ്ടുപോകുന്നതിനാൽ പഴയതുപോലെ ഭക്ഷണം ലഭിക്കാറില്ല.

ആഴ്ചകളോളം വെള്ളവും ഭക്ഷണവും കിട്ടാതെ അലയുന്ന നായ്ക്കളെ തെരുവുകളിൽ കാണാം. പേവിഷ പ്രതിരോധത്തിന് തീവ്രയജ്ഞ പരിപാടിക്ക് ഒരുക്കങ്ങളായെങ്കിലും ജില്ലയിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. 

കടിയേറ്റത് 9600 പേർക്ക്

ആരോഗ്യ വകുപ്പിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ എട്ടുമാസത്തിനിടെ മാത്രം 9643 പേർക്കാണ് കടിയേറ്റത്. ജനുവരി-1182, ഫെബ്രുവരി-1193, മാർച്ച്-1319, ഏപ്രിൽ-1078, മേയ്-1176, ജൂൺ-1261, ജൂലൈ-1372, ആഗസ്റ്റ് -1062.

Tags:    
News Summary - Dogs bark-The authorities are asleep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.