വീടുകയറി അക്രമം; വിഷം കഴിച്ച വധശ്രമക്കേസ് പ്രതി മരിച്ചു

ശ്രീകണ്ഠപുരം: പെരുവളത്ത് പറമ്പിൽ വീടുകയറി അക്രമം നടത്തി അറസ്റ്റിലായ യുവാവ് വിഷംകഴിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കണ്ണാടിപ്പറമ്പ് നെടുവാട്ട് ഷര്‍സാദാണ് (30) ശനിയാഴ്ച പുലർച്ചെയോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഭര്‍തൃമതിയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത വിരോധത്തിന് യുവതിയുടെ പിതാവിനെയും സഹോദരനെയും ഈ മാസം 12ന് പുലർച്ചെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഷർസാദിനെ ഗോവയിൽനിന്നാണ് 13ാം തീയതി ഇരിക്കൂർ പൊലീസ് പിടികൂടിയത്.

ഏതാനും ദിവസം മുമ്പ് ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ ഷർസാദ് ഇരിക്കൂര്‍ പെരുവളത്തുപറമ്പ് തട്ടുപറമ്പിലെ നേര്യംപുള്ളി ശങ്കരന്‍ (85), മകന്‍ ശശിധരന്‍ (46) എന്നിവരെയാണ് കഴുത്തിന് മുറിവേൽപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശങ്കരന്‍ വീടിനു പുറത്തെ ശുചിമുറിയില്‍ പോയി മടങ്ങുമ്പോള്‍ ഷർസാദ് പിറകെയെത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോൾ മകനെയും ആക്രമിച്ചു. ശശിധരന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും ആക്രമിച്ചശേഷം ഉടന്‍ എലിവിഷം കഴിച്ച് അതുവഴി വന്ന ലോറിയില്‍ കയറി ഷര്‍സാദ് മംഗളൂരുവിൽ എത്തി. അവിടെനിന്ന് ഗോവയിലേക്കു കടന്നു.

ഷർസാദിനെ പിടികൂടി 14ാം തീയതി ഇരിക്കൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ താന്‍ എലിവിഷം കഴിച്ചിരുന്നതായി ഇയാള്‍ പറഞ്ഞിരുന്നു. ചികിൽസക്കായി ഉടന്‍ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കാവലിൽ ചികിത്സയില്‍ കഴിയവെ കോടതി റിമാൻഡും ചെയ്തു. പി.കെ. ഹാരിസ്-എന്‍.പി. സൈനബ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരന്‍: ഖാലിദ്.

തളിപ്പറമ്പ് ആര്‍.ഡി.ഒ ടി.എം. അജയകുമാര്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ കരീമും മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു.


Tags:    
News Summary - domestic violence; Suspect in attempted murder case died after consuming poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.