കൊച്ചി: ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈകോടതി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. വസ്ത്രം നോക്കി സ്ത്രീയെ വിലയിരുത്തുന്നത് പുരുഷനിയന്ത്രിത സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരെ രണ്ട് കുട്ടികളുടെ മാതാവ് നൽകിയ ഹരജി അനുവദിച്ചാണ് ഉത്തരവ്.
വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാൽ നയിക്കപ്പെടുന്നവരാണ് നാം. ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയാണത്. ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഇത്തരമൊരു നിരീക്ഷണം നടത്തേണ്ടിവരുന്നതെന്നത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹരജി നൽകിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബ കോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബ കോടതി കുറ്റപ്പെടുത്തിയിരുന്നു.
ഡേറ്റിങ് ആപ്പിൽ തന്റെ ഫോട്ടോ ഇട്ടത് ഭർത്താവ് തന്നെയായിരുന്നുവെന്ന് ഹരജിക്കാരി ബോധിപ്പിച്ചു. വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബ കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹരജിക്കാരിയുടെ കുട്ടികളുമായി കോടതി സംസാരിച്ചപ്പോൾ ഇരുവരും മാതാവിനോടൊപ്പം കഴിയാനാണ് താൽപര്യം അറിയിച്ചത്. അവധിസമയത്ത് പിതാവിനോടൊപ്പം പോകാനും ആഗ്രഹമുണ്ടെന്ന് അറിയിച്ചു. തുടർന്ന് കുടുംബ കോടതി ഉത്തരവ് റദ്ദാക്കി കുട്ടികളുടെ കസ്റ്റഡി ഹരജിക്കാരിക്ക് നൽകി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.