തിരുവനന്തപുരം: വ്യാജരേഖ സമർപ്പിച്ച് സാമൂഹിക സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റുന്നവരിൽ നിന്ന് 18 ശതമാനം പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കാൻ ധനവകുപ്പ് തീരുമാനം. സർക്കാർ ഉദ്യോഗസ്ഥരടക്കം നിരവധിപേർ പെൻഷൻ പദ്ധതിയിൽ കടന്നുകൂടിയ കാര്യം പുറത്തായിരുന്നു. വ്യാജരേഖ സമർപ്പിക്കുന്നത് സർക്കാറിനെ കബളിപ്പിക്കുന്നതിന് തുല്യമെന്നാണ് വിലയിരുത്തൽ. അനർഹർക്ക് സഹായകരമായ നടപടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്കും തീരുമാനമുണ്ട്.
ഉത്തരവ് കർശനമായി പാലിക്കാനും തുടർനടപടികൾ സ്വീകരിക്കാനുമായി പഞ്ചായത്ത് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി. കോട്ടക്കൽ നഗരസഭയിലെ ഒരു വാർഡിൽ ആകെയുള്ള 42 ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 38 പേരും അനർഹരെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകി.
അനർഹരെ ഒഴിവാക്കാൻ വാർഡ്തല സൂക്ഷ്മ പരിശോധന നടത്തും. ഗുണഭോക്താക്കളുടെ പട്ടിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച് സോഷ്യൽ ഓഡിറ്റിങ്ങും ഉദ്ദേശിക്കുന്നുണ്ട്.
സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയിൽ വലിയ തിരുത്തിനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രത്യേക ലിസ്റ്റുണ്ടാക്കി നടപടി ഉറപ്പാക്കും. വിശദമായ പരിശോധനക്കുശേഷം പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.