തിരുവനന്തപുരം: ടൗണ്‍ഷിപ് ഒഴിവാക്കി വീടും ഭൂമിയും നല്‍കുന്ന വയനാട് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ആലോചനയില്‍. കേന്ദ്ര ഫണ്ട് ലഭിക്കാത്തതും വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ മുന്നോട്ടുവന്നവര്‍ക്ക് ഇതുവരെ ഉറപ്പുനല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് ടൗണ്‍ഷിപ് പദ്ധതി ഒഴിവാക്കുന്നത് സജീവ ആലോചനയിലുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന സൂചനയാണ് റവന്യൂ മന്ത്രി കെ. രാജൻ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും നൽകിയത്.
പുനരധിവാസത്തിന് ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്ന് മന്ത്രി അറിയിച്ചു. പുനരധിവാസത്തിൽ സർക്കാറിന് അമാന്തമില്ല. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കും. എസ്.ഡി.ആർ.എഫിലെ തുക സംബന്ധിച്ച് കോടതി ഇടപെടലോടെ കണക്കുകൾ ബോധ്യമായെന്ന് മന്ത്രി വ്യക്തമാക്കി.
ടൗണ്‍ഷിപ് പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശമാണ് പുനരധിവാസം വൈകാന്‍ ഇടയാക്കിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്. കണ്ടെത്തിയ പ്ലാന്റേഷന്‍ ഭൂമി നിയമക്കുരുക്കില്‍ പെട്ടതോടെ പുനരധിവാസ നടപടികള്‍ സങ്കീര്‍ണമായി. വയനാടിന് 100 വീട് നിര്‍മിച്ചുനല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചെങ്കിലും മറുപടി നല്‍കാത്ത നിലപാട് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമിയും വീടും മാത്രമായി പദ്ധതി നടപ്പാക്കുന്നത് സജീവമായി ആലോചിക്കുന്നത്.
കൊച്ചി: വയനാട് ഉരുൾ ദുരന്തത്തിന്‍റെ ആഘാതം കണക്കിലെടുത്ത് മതിയായ സഹായം നൽകാൻ തുറന്ന മനസ്സ് കാട്ടണമെന്ന് കേന്ദ്രസർക്കാറിനോട് ഹൈകോടതി. വ്യവസ്ഥകളും കണക്കുകളും നിരത്തി വാദം നടത്താതെ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. സംസ്ഥാന ദുരന്ത പ്രതികരണനിധി (എസ്.ഡി.ആർ.എഫ്) ഫണ്ട് വിനിയോഗമടക്കം കൃത്യമായ കണക്കുകൾ കേന്ദ്രത്തെ അറിയിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ചൂരൽമല - മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് കൂടുതൽ തുക ആവശ്യപ്പെടുമ്പോൾ കേന്ദ്രം എസ്.ഡി.ആർ.എഫിലെ തുക ചെലവാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അഡ്വക്കറ്റ് ജനറൽ ബോധിപ്പിച്ചു. ഇക്കാര്യം വിലയിരുത്തിയ കോടതി എസ്.ഡി.ആർ.എഫിൽ ബാക്കി തുകയില്ലെന്ന് വ്യക്തമാക്കി. എസ്.ഡി.ആർ.എഫിലുള്ള തുകയുടെ 50 ശതമാനം ചെലവാക്കിയാലേ അധിക സഹായമായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്നുള്ള 153.467 കോടി അനുവദിക്കൂവെന്ന കേന്ദ്രത്തിന്‍റെ വ്യവസ്ഥ പ്രായോഗികമല്ല. അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്രത്തിനെയല്ലാതെ ആരെയാണ് സമീപിക്കേണ്ടതെന്ന് കോടതി ചോദിച്ചു.
ചെലവിനത്തിൽ എസ്.ഡി.ആർ.എഫിൽനിന്ന് നൽകാനുള്ള തുകയും ഭാവി ചെലവിന് പ്രതീക്ഷിക്കുന്ന തുകയും വ്യക്തമാക്കി വിനിയോഗ സർട്ടിഫിക്കറ്റ് ദുരന്ത പ്രതികരണവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് ഒപ്പിട്ട് നൽകണം. ഇത് കോടതിയിൽ ഹാജരാക്കണം - കോടതി നിർദേശിച്ചു.
അതിനിടെ, സംസ്ഥാനത്ത് ദുരന്തങ്ങളുണ്ടായാൽ നേരിടാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്) ശേഷിക്കുന്നത് 61.53 കോടി രൂപ മാത്രമെന്ന് സർക്കാർ വ്യക്തമാക്കി. അധിക ധനസഹായം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് നിവേദനം നൽകിയപ്പോൾ എസ്.ഡി.ആർ.എഫിൽ ഉള്ളത് 588.83 കോടിയായിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ വിഹിതവും കൂടി ചേർത്ത് ഒക്ടോബർ ഒന്നിന് ഇത് 782.99 കോടിയായി. നിലവിലെ കണക്കിൽ 700.5 കോടിയാണുള്ളത്. എന്നാൽ, 2024 -25 വർഷത്തിൽ വിവിധ ഇനങ്ങളിലായി 638.97 കോടി ഇതിനകം ബാധ്യതയുണ്ട്. ശേഷിക്കുന്നതാണ് 61.53 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.