വൈക്കം: തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ചേർന്നുനിന്നും ചേർത്തുനിർത്തിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. സൗഹൃദത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്. രാമസ്വാമി നായ്ക്കരുടെ പ്രതിമയിൽ പുഷ്പാർച്ചനക്കെത്തിയ പിണറായിയെ സ്റ്റാലിനാണ് കൈപിടിച്ച് പടികൾ കയറാൻ സഹായിച്ചത്. ഏറെനേരം കൈകൾ കോർത്തുപിടിച്ചാണ് ഇരുവരും നിന്നത്. ഇതിനിടെ ‘കരുണാനിധി എ ലൈഫ്’ എന്ന പുസ്തകം പിണറായിക്ക് സ്റ്റാലിൻ കൈമാറി. പുഷ്പാർച്ചനക്കുശേഷം പെരിയാർ സ്മാരകം നാട മുറിച്ച് തുറന്നുകൊടുക്കുമ്പോഴും സൗഹൃദചിത്രം തെളിഞ്ഞു. നാട മുറിക്കാൻ പിണറായിക്ക് സ്റ്റാലിൻ കത്രിക കൈമാറി. എന്നാൽ, സ്റ്റാലിന്റെ കൈ ബലമായി പിടിച്ച് ഒപ്പം ചേർത്തായിരുന്നു നാട മുറിച്ചത്. ഗ്രന്ഥശാല സന്ദർശനത്തിലും തമാശകൾ പങ്കിട്ട് ഒരുമിച്ചായിരുന്നു നടത്തം. പലതവണ ഇരുവരും ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്തു.
പൊതുസമ്മേളനവേദിയിലും പരസ്പര ബഹുമാനത്തോടെ ചേർന്നുനിന്നു. പ്രസംഗത്തിലും ഇരുവരും പ്രശംസ ചൊരിഞ്ഞു.
കേരളവും തമിഴ്നാടും തമ്മിലുള്ള സഹകരണം പിണറായിഎടുത്തു പറഞ്ഞു. കുമരകം ലേക് റിസോർട്ടിലെ അടുത്ത മുറികളിൽ താമസിച്ച ഇരുവരും പലവട്ടം കൂടിക്കണ്ടു. പ്രഭാതഭക്ഷണവും ഒരുമിച്ചായിരുന്നു. മുല്ലപ്പെരിയാർ തർക്കം സംബന്ധിച്ച് ചർച്ച നടക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കിയിരുന്നെങ്കിലും ഔദ്യോഗിക ചർച്ച നടന്നിട്ടില്ലെന്നാണ് വിവരം.
വൈക്കം: സമത്വത്തിനായുള്ള പോരാട്ടവഴികളിൽ ഉജ്ജ്വല മാതൃകയായ വൈക്കത്തിന്റെ മണ്ണിൽ തലയെടുപ്പോടെ ഇനി നവീകരിച്ച തന്തൈ പെരിയാറിന്റെ സ്മാരകവും ഗ്രന്ഥാലയവും. വൈക്കം സത്യഗ്രഹ സമരനായകരിലൊരാളായിരുന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരെന്ന പെരിയാറിന്റെ പേരിൽ വൈക്കം വലിയകവലയിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ച സ്മാരകം നവീകരണം പൂർത്തിയാക്കി തുറന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷമാണ് മ്യൂസിയവും ഗ്രന്ഥാലയവും തുറന്നത്.
സ്മാരകത്തിന്റെ മുഖ്യകവാടത്തിൽ മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, തമിഴ്നാട് മന്ത്രിമാരായ ഇ.വി. വേലു, എം.പി. സ്വാമിനാഥൻ, ദ്രാവിഡകഴകം നേതാവ് കെ. വീരമണി, ഡി.സി.കെ നേതാവ് തിരുമാവളവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിമാരെ സ്വീകരിച്ചു. മ്യൂസിയവും ഗ്രന്ഥാലയവും തുറന്നുകൊടുത്തശേഷം വൈക്കം ബീച്ചിലെ ഉദ്ഘാടന വേദിയിലേക്കെത്തിയ ഇരുമുഖ്യമന്ത്രിമാരെയും വൻ കരഘോഷത്തോടെയാണ് വരവേറ്റത്. തമിഴ്നാട് സർക്കാർ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ സമാപനത്തിനും ചടങ്ങ് വേദിയായി.
വൈക്കം വലിയകവലയിൽ 84 സെന്റിലാണ് തന്തൈ പെരിയാറിന്റെ സ്മാരകം. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഉള്ളത്. തമിഴ്നാട് സർക്കാർ 8.14 കോടി അനുവദിച്ച് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം.
വൈക്കം: കേരളത്തിനു മാത്രമല്ല, രാജ്യത്തിന് മുഴുവനും വഴിവിളക്കായിരുന്നു വൈക്കം സത്യഗ്രഹ സമരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അവകാശം ലംഘിച്ചവർ ഇന്ന് നമ്മെ സ്വീകരിച്ച് ആനയിക്കുന്നതിന് പിന്നിൽ ആ പോരാട്ടമാണ്. വൈക്കം പ്രക്ഷോഭത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കാൻവേണ്ടി മാത്രമല്ല. അവർ സ്വപ്നംകണ്ട സമത്വം സൃഷ്ടിക്കണമെന്ന് ഓർമിപ്പിക്കാൻ കൂടിയാണെന്നും വൈക്കത്ത് തന്തൈ പെരിയാർ സ്മാരകം, പെരിയാർ ഗ്രന്ഥശാല എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സമത്വം എന്നതാണ് തമിഴ്നാട് സർക്കാറിന്റെ ദ്രാവിഡ മോഡൽ. തന്തൈ പെരിയാറിന്റെ ആത്മാഭിമാന പ്രസ്ഥാനവും ഇടപെടലുകളുമാണ് അതിന്റെ അടിത്തറ. സാമൂഹികനീതിയും സമത്വവും സ്വാഭിമാനവും നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും മാത്രം നടപ്പാക്കാൻ കഴിയുന്നതല്ല. നമ്മുടെ മനോഭാവവും മാറണം. തന്തൈ പെരിയാറും ശ്രീനാരായണ ഗുരുവും അംബേദ്കറും അയ്യങ്കാളിയും എല്ലാവർക്കും എല്ലാമെന്ന തത്ത്വം ഉൾക്കൊണ്ടു. സമത്വസമൂഹം സ്ഥാപിക്കുകയെന്ന ആശയത്തിൽ തമിഴ്നാടും കേരളവും ഒന്നാണ്. ആ സഹകരണം തുടരുമെന്നും സ്റ്റാലിൻ പറഞ്ഞു.
വൈക്കം: സംസ്ഥാനങ്ങൾക്കുമേൽ നിരന്തര കൈകടത്തലുണ്ടാകുന്ന സാഹചര്യത്തിൽ കേരള- തമിഴ്നാട് മോഡൽ സഹകരണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തിരിച്ചും പരസ്പരം കൈത്താങ്ങാവുകയാണ്. സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർഥ ചിത്രമാണ് നാം മുന്നോട്ടുവെക്കുന്നത്. വാക്കുകളിൽ ഒതുങ്ങുന്നതല്ല, പ്രവൃത്തിയിൽ വെളിവാകുന്ന സഹകരണമാണിതെന്ന് അധ്യക്ഷപ്രസംഗത്തിൽ പിണറായി പറഞ്ഞു. സാമ്പത്തിക സ്വയംഭരണമടക്കമുള്ള സംസ്ഥാനസർക്കാറുകളുടെ അവകാശങ്ങൾക്കുമേൽ കൈകടത്തലുണ്ടാവുന്ന ഇക്കാലത്ത് കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഇത്തരം സഹകരണം ഉണ്ടാകണം.
അതിർവരമ്പുകൾക്കതീതമായ സഹവർത്തിത്വവും സഹകരണവുമാണ് വൈക്കം സത്യഗ്രഹത്തിൽ കണ്ടത്. ആ സഹകരണം തുടർന്നുകൊണ്ടുപോവുകയാണ് കേരളവും തമിഴ്നാടും ചെയ്യുന്നത്. പെരിയാർ വ്യക്തികളുടെ സ്വാഭിമാനത്തിനായി നിലകൊണ്ടെങ്കിൽ സംസ്ഥാനങ്ങൾ അവയുടെ സ്വാഭിമാനത്തിനായി നിലകൊള്ളണമെന്നാണ് കാലം ആവശ്യപ്പെടുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.