കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈകോടതി സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടി. സംഭവത്തിൽ ഉടൻ നടപടിയെടുക്കാതിരുന്ന പൊലീസിനെയും തിരുവനന്തപുരം കോർപറേഷനെയും രൂക്ഷമായി വിമർശിച്ചു.
ഡിസംബർ അഞ്ചിന് വഞ്ചിയൂരില്‍ കോടതിക്കും പൊലീസ് സ്റ്റേഷനും സമീപമാണ് റോഡിന്റെ ഒരുവശം കെട്ടിയടച്ച് സീബ്രാലൈനിൽ സ്റ്റേജ് നിർമിച്ചത്. ഇതുമൂലം ആംബുലന്‍സുകളും സ്കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെട്ടു. സമ്മേളനശേഷം നാടകവും അരങ്ങേറി. സമ്മേളനം ഉദ്ഘാടനം ചെയ്ത പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ, ഡി.ജി.പി തുടങ്ങിയവരെ എതിർകക്ഷികളാക്കി മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് പരിഗണിച്ചത്.
വിശ്വാസവഞ്ചനയടക്കം പലതരം നിയമലംഘനങ്ങളുണ്ടായതായി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി. നേതാക്കളുടെയും നാടകം കളിച്ചവരുടെയും പേരിൽ കേസെടുക്കാത്തതെന്തെന്നും ഗതാഗതതടസ്സം നോട്ടീസില്ലാതെ പൊളിച്ചുനീക്കാൻ അധികാരമുള്ള കോർപറേഷൻ അനങ്ങാതിരുന്നതെന്തെന്നും കോടതി ചോദിച്ചു. ആരുടെ പേരിലാണ് കേസെടുത്തത്. സ്റ്റേജിലുണ്ടായിരുന്നവർക്കെതിരെ കേസുണ്ടോ. സ്റ്റേജിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ നൽകാൻ വഞ്ചിയൂർ എസ്.എച്ച്.ഒയോട് ആവശ്യപ്പെട്ടു. മൈക്ക് ഓപറേറ്റർക്കെതിരെ മാത്രം കേസെടുത്തതിനെ വിമർശിക്കുകയും ചെയ്തു.
പന്തലും കസേരകളും നീക്കണമെന്ന് സമ്മേളന ജനറൽ കൺവീനർ പി. ബാബുവിനോട് നിർദേശിച്ചെങ്കിലും അനുസരിച്ചില്ലെന്നായിരുന്നു എസ്.എച്ച്.ഒയുടെ വിശദീകരണം. വഴിയോരത്ത് സാധാരണക്കാരൻ ചായക്കട കെട്ടിയാൽ പൊളിച്ചുനീക്കാറുണ്ടല്ലോ. കോർപറേഷൻ സെക്രട്ടറിക്കും നടപടിയെടുക്കാമായിരുന്നു. അതുമുണ്ടായില്ല. കോടതി വിധികളുടെയും സർക്കാർ ഉത്തരവുകളുടെയും ലംഘനമാണുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.