തൃശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എം.പി എന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടെന്നും സിനിമ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും അതിനുള്ള പണം വാങ്ങിയേ മടങ്ങൂവെന്നും സുരേഷ് ഗോപി എം.പി. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. താൻ ഇനിയും സിനിമ ചെയ്യുമെന്നും അതിൽനിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാൻ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളിൽനിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം... അത് നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. പ്രധാനമായിട്ടും ജനങ്ങൾക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അത് വന്നിരിക്കും, അതിന് പിരിവും ഉണ്ടാകില്ല’ -സുരേഷ് ഗോപി വ്യക്തമാക്കി.
‘ഒരു കാര്യം ഞാൻ ഉറപ്പു തരാം. പിരിവുണ്ടാകും. ഏതെങ്കിലും പരിപാടിക്ക് പോകുമ്പോൾ, എം.പിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് വിചാരിക്കുകയേ വേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിന് യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അതിൽനിന്ന് നയാ പൈസ ഞാൻ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകും. അത് ഞാൻ നേരത്തെ സൂചിപ്പിച്ച കാര്യങ്ങൾക്കായി ഉപയോഗിക്കും. ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിക്കൊക്കെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നതെങ്കിൽ, നിങ്ങളുടെയൊന്നും ഉപദേശം ആവശ്യമില്ല. കൃത്യമായിത്തന്നെ നിർവഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരൻ അനുഗ്രഹിച്ചാൽ അതുക്കും മേലെ ചെയ്തിരിക്കും’ – സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.