പാലക്കാട്: വാതിൽപ്പടി മാലിന്യ ശേഖരണം ഫലപ്രദമായി നടക്കുന്നില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ വിലയിരുത്തൽ. അലംഭാവം തുടർന്നാൽ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണ വീഴ്ചയായി കണക്കാക്കി നടപടിയെടുക്കുമെന്ന് തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ മുന്നറിയിപ്പ്. നിബന്ധനകൾ കർശനമാക്കി മാർഗരേഖ പുതുക്കിയ ഉത്തരവ് തദ്ദേശവകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
തദ്ദേശസ്ഥാപനങ്ങളിലെ വീടുകൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ഹരിത കർമസേന ശേഖരിക്കുന്ന പാഴ്വസ്തുക്കളുടെ കൈയൊഴിയൽ യഥാസമയം നടക്കുന്നില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗമാണ് വിലയിരുത്തിയത്. മാലിന്യനീക്കമില്ലാതെ എം.സി.എഫുകളും (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ) മിനി എം.സി.എഫുകളും നിറഞ്ഞുകിടപ്പാണ്. ശേഖരിക്കുന്ന മാലിന്യം പൊതു ഇടങ്ങളിലാണ് സംഭരിക്കുന്നതെന്നും വിലയിരുത്തി. വാതിൽപ്പടി ശേഖരണവും പാഴ്വസ്തുക്കളുടെ നീക്കവും യഥാസമയം ഉറപ്പാക്കാനുള്ള യോഗതീരുമാനത്തെത്തുടർന്നാണ് പുതുക്കിയ മാർഗരേഖ കഴിഞ്ഞ ദിവസം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്.വാതിൽപ്പടി ശേഖരണം, പാഴ്വസ്തുനീക്കം യഥാസമയം നടക്കാതിരിക്കൽ, എം.സി.എഫുകളിലല്ലാതെ പാഴ്വസ്തുക്കൾ സംഭരിക്കൽ മുതലായവ സംഭവിച്ചാൽ ചുമതലക്കാരായ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണ വീഴ്ചയായി കണക്കാക്കി വകുപ്പുതല നടപടി സ്വീകരിക്കാമെന്ന് പുതുക്കിയ മാർഗരേഖയിൽ പറയുന്നു. വാതിൽപ്പടി ശേഖരണം തുടങ്ങി എല്ലാ വിവരങ്ങളും വാർ റൂം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് സെക്രട്ടറി ഉറപ്പാക്കണം. വിവരം രേഖപ്പെടുത്തുന്നതിൽ വീഴ്ച വന്നാൽ സെക്രട്ടറിക്കെതിരെ ചുമതല നിർവഹണ വീഴ്ചയായി കണക്കാക്കി വകുപ്പുതല നടപടി സ്വീകരിക്കും. എല്ലാ ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്ഥാപനതല യോഗം ചേർന്ന് റിപ്പോർട്ട് സെക്രട്ടറിക്ക് നൽകണം. വാതിൽപ്പടി നീക്കം, കൈയൊഴിയൽ ഉൾപ്പെടെ മുഖ്യചുമതല സെക്രട്ടറിക്കാണ്. ഏകോപനവും നടത്തിപ്പ് ചുമതലയും നോഡൽ ഓഫിസർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.