പെരിയ കൊലക്കേസ്​ പ്രതികളുടെ ഭാര്യമാർക്ക്​ ജോലി: കേരളത്തിലെ നിയമന രീതിയാണിത് -ഡോ. ആസാദ്​

കോഴിക്കോട്​: പെരിയ ഇരട്ടക്കൊലക്കേസ്​ പ്രതികളുടെ ഭാര്യമാർക്ക് കാഞ്ഞങ്ങാട്​​ ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി ഇടതുചിന്തകൻ ഡോ. ആസാദ്​. ''നൂറിലേറെ പേര്‍ പങ്കെടുത്ത അഭിമുഖത്തിൽ, ഒന്നും രണ്ടും മൂന്നും പ്രതികളുടെ ഭാര്യമാര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി തൊഴില്‍ കരസ്ഥമാക്കിയിരിക്കുന്നു. കേരളത്തില്‍ നടക്കുന്ന നിയമനങ്ങളുടെ രീതിയാണിത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചുതന്നെ ആഗ്രഹിക്കുന്നവര്‍ക്കു നിയമനം നല്‍കാന്‍ കഴിയുന്ന അപൂര്‍വ്വ സിദ്ധി!'' -ആസാദ്​ ആരോപിച്ചു.

​ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം:

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിപ്പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവരുടെ ഭാര്യമാര്‍ ജില്ലാ ആശുപത്രിയിലേക്കു നടന്ന നിയമന ഇന്‍റര്‍വ്യുവില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി തൊഴില്‍ കരസ്ഥമാക്കിയിരിക്കുന്നു. നൂറിലേറെ പേര്‍ പങ്കെടുത്ത അഭിമുഖത്തിലാണ് ഇങ്ങനെ 'അര്‍ഹരെ' കണ്ടെത്തിയത്.

കേരളത്തില്‍ നടക്കുന്ന നിയമനങ്ങളുടെ രീതിയാണിത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചുതന്നെ ആഗ്രഹിക്കുന്നവര്‍ക്കു നിയമനം നല്‍കാന്‍ കഴിയുന്ന അപൂര്‍വ്വ സിദ്ധി! സര്‍വ്വകലാശാലകളിലെ അദ്ധ്യാപക നിയമനം മുതല്‍ ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി നിയമനം വരെ എത്ര അനായാസമായി നിര്‍വ്വഹിക്കപ്പെടുന്നു!

ജോലി കിട്ടിയ ആര്‍ക്കാണ് അര്‍ഹതയില്ലാത്തത്? അര്‍ഹതയുള്ള എല്ലാവരെയും നിയമിക്കാന്‍ സാധിക്കുമോ?

തെരഞ്ഞെടുക്കുന്നത് യോഗ്യരെയല്ല എന്ന് നിങ്ങള്‍ക്കു തെളിയിക്കാമോ? അതിനാല്‍ ഇനിയും ഇങ്ങനെ തുടരാനാണ് സാദ്ധ്യത. ആര്‍ക്കൊപ്പം നില്‍ക്കണം, ഏതൊക്കെ മുന്നൊരുക്കം നടത്തണം എന്നൊക്കെ അനുഭവസ്ഥര്‍ പറഞ്ഞു തരും. നേതൃകുല ജാതര്‍ക്ക് മുന്‍ഗണന. നേതൃ സേവകര്‍ക്ക് രണ്ടാം നിര. ശേഷമുള്ളവര്‍ പുറത്ത്!

എങ്കിലും ആ ഇന്ദ്രജാലം മനസ്സിലാവുന്നില്ല. പ്രതിപ്പട്ടികയിലുള്ള മുറയ്ക്കു മാര്‍ക്കു കിട്ടുന്ന മഹാത്ഭുതം. തൊഴിലില്ലാ വേദന അനുഭവിക്കുന്ന അനേകര്‍ക്ക് അതു മനസ്സിലായിക്കാണുമോ ആവോ!

ആസാദ്

20 ജൂണ്‍ 2021

Tags:    
News Summary - Dr. Asad against jobs to wives of periya murder accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.