ഒരാൾക്കെതിരെ ഒരു പ്രസ്ഥാനം തെരുവിൽ; അൻവർ തീപ്പന്തംപോലെ ജ്വലിക്കണമെങ്കിൽ സ്വന്തം തെറ്റ് തിരുത്തണം -ഡോ. ആസാദ്

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം രംഗത്തിറങ്ങിയതിനെതിരെ വിമർശനവുമായി ഇടതുചിന്തകൻ ഡോ. ആസാദ്. അൻവർ നിരവധി നിയമലംഘനങ്ങൾ ചെയ്തതായി ആരോപണമുയർന്നപ്പോഴൊക്കെ സംരക്ഷണ കവചം ഒരുക്കിയ സി.പി.എം, ഇപ്പോൾ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ അൻവർ ഗുരുതരമായ പരാതി ഉയർത്തിയപ്പോഴാണ് കൊലവിളികളും തീപ്പന്തങ്ങളുമായി തെരുവിൽ ഇറങ്ങിയത്. മുന്നണിയിൽനിന്ന് മാറ്റി നിർത്തുക എന്ന നിശ്ചയംകൊണ്ടു തൃപ്തിപ്പെടാതെ തെരുവിൽ ഒറ്റപ്പെടുത്തി നേരിടുക എന്ന ശിക്ഷ വിധിക്കുന്നിടത്താണ് കാര്യങ്ങൾ എത്തിയിരിക്കുന്നതെന്നും ആസാദ് ചൂണ്ടിക്കാട്ടി.

ഭൂനിയമം ലംഘിച്ചതടക്കമുള്ള ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് അൻവർ സമ്മതിക്കുമോയെന്നും നിയമത്തിനു വിധേയപ്പെട്ട് തെറ്റു തിരുത്തുമോയെന്നും അദ്ദേഹം ചോദിച്ചു. സർക്കാറിനെതിരെ ഉന്നയിച്ച പരാതിയും വിമർശനവും തീപ്പന്തംപോലെ ജ്വലിക്കണമെങ്കിൽ സ്വന്തം പിശകുകൾ ഏറ്റു പറയാനും തിരുത്താനുമുള്ള ആർജ്ജവം ആവശ്യമുണ്ട്. അൻവർ തീർച്ചയായും ഒരു സമരരംഗത്താണ്. സമര നാളങ്ങൾ എതിരാളിയിലേക്ക് പടരുന്നതുപോലെ സ്വന്തം പേരിലുള്ള കുറ്റങ്ങളിലേക്കും പടരാതിരിക്കില്ല. ആ പൊള്ളലിൽ തിരുത്തി വന്നാൽ അൻവറിനു വിശ്വാസ്യത കൂടും. ഇല്ലെങ്കിൽ ഈ പോരാട്ടത്തിൽ ജനങ്ങളുടെ വിശ്വാസം കൂട്ടുവരില്ല. സമരം അതിവേഗം തണുക്കും. എല്ലാം പഴയതുപോലാവും -ഡോ. ആസാദ് അഭിപ്രായ​പ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

ഒരു വ്യക്തിക്കെതിരെ കേരളത്തിലെ വലിയ രാഷ്ട്രീയ പ്രസ്ഥാനം കൊലവിളികളും തീപ്പന്തങ്ങളുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നു. ഒരാൾക്കെതിരെ ഒരു പ്രസ്ഥാനം!

അയാൾ ഭൂനിയമം ലംഘിച്ചു ഭൂമി വാരിക്കൂട്ടി എന്ന പരാതി ഉയർന്നപ്പോൾ നൊന്തുകണ്ടില്ല, ഭൂ നിയമം കൊണ്ടുവന്ന പ്രസ്ഥാനത്തിന്. അന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ല. നിയമ പാലകരും റവന്യു ഉദ്യോഗസ്ഥരും അനങ്ങിയില്ല. തെരുവുകളിൽ കോലങ്ങളുടെ എഴുന്നള്ളത്ത് ഉണ്ടായില്ല.

അയാൾ നീരൊഴുക്കുകൾ തടഞ്ഞ് തടയണകൾ കെട്ടിയപ്പോൾ, നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്തിടത്ത് റോപ് വേയും പാർക്കും നിർമ്മിച്ചപ്പോൾ ഭരിക്കുന്ന പാർട്ടി കണ്ണടച്ചു. കോടതികൾ നടപടി ആവശ്യപ്പെട്ടപ്പോഴും കണ്ണു തുറന്നില്ല. നിയമ ലംഘനങ്ങൾക്കെതിരെ വലിയ പ്രസ്ഥാനം ചെറുവിരൽപോലും അനക്കിയില്ല. തെരുവിലിറങ്ങിയില്ല. കൊലവിളി പൊങ്ങിയില്ല. കോലം കത്തിച്ചില്ല.

എന്നാൽ പൊലീസ് വകുപ്പിലെ പുഴുക്കുത്തുകൾക്കെതിരെയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അൻവർ ഗുരുതരമായ പരാതി ഉയർത്തിയപ്പോൾ മുഖ്യമന്ത്രിക്കു സഹിക്കുന്നില്ല. പിണറായിക്കു വിറ വരുമ്പോൾ പനിക്കുന്ന നേതാക്കൾക്കു സഹിക്കുന്നില്ല. അൻവറിനെ വിടരുത്, എന്ന് ആഹ്വാനമുണ്ടാകുന്നു. അണികൾ തെരുവിലിറങ്ങുന്നു. അൻവറിന്റെ കോലം പൊക്കി ഘോഷയാത്ര നടത്തുന്നു. അത് തെരുവിൽ കത്തിക്കുന്നു.

ആർ എസ് എസ് നേതാക്കളുമായി എ ഡി ജി പി മുഖേനയുള്ള മുഖ്യമന്ത്രിയുടെ ബന്ധം, സ്വർണക്കടത്തിൽ എ ഡി ജി പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമുള്ള പങ്ക്, ഭൂമിയിടപാടിൽ എ ഡി ജി പിക്കുള്ള പങ്ക് തുടങ്ങി ഞെട്ടിക്കുന്ന ആക്ഷേപങ്ങളാണ് അൻവർ ഉയർത്തിയത്. അതിൽ അന്വേഷണം പ്രഖ്യാപിക്കാതെ മുഖ്യമന്ത്രിക്കു തരമില്ലാതെ വന്നു. ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിനിർത്തി വേണം അന്വേഷണമെന്ന സാമാന്യമര്യാദ പോലും മുഖ്യമന്ത്രി പാലിച്ചില്ല. അക്കാര്യത്തിൽ സി പി ഐക്കുണ്ടായ ബോദ്ധ്യംപോലും വലിയ കക്ഷിയായ സി പി എമ്മിനുണ്ടായില്ല.

എന്നാൽ ഗൗരവതരമായ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ഉയർത്തിയ അൻവറിനെ തെരുവിൽ നേരിടാനാണ് സി പി എമ്മിനും സർക്കാറിനും ധൃതി. മുന്നണിയിൽനിന്ന് മാറ്റി നിർത്തുക എന്ന നിശ്ചയംകൊണ്ടു തൃപ്തിപ്പെടാതെ തെരുവിൽ ഒറ്റപ്പെടുത്തി നേരിടുക എന്ന ശിക്ഷ വിധിക്കുന്നിടത്താണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

അൻവറിനെതിരെ റവന്യു വിഭാഗവും കോടതിയും പുറപ്പെടുവിച്ച ഉത്തരവുകളും കെ വി ഷാജിയെപ്പോലെയുള്ള വിവരാവകാശ പ്രവർത്തകരും രാജനെപ്പോലെയുള്ള നദീ സംരക്ഷകരും ഉന്നയിച്ച പരാതികളും മുഖവിലക്കെടുക്കാത്ത സർക്കാറും ഭരണകക്ഷിയുമാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരായി വരാവുന്ന പരാതി ഉന്നയിച്ചു എന്ന ഒറ്റക്കാരണത്താൽ പ്രകോപിതരായി തീർന്നിരിക്കുന്നത്.

അൻവർ ഉന്നയിച്ച വിഷയങ്ങൾ കേരളീയ സമൂഹം ഒന്നടങ്കം ഇനി ഉറക്കെ പറയും. എല്ലാവർക്കെതിരെയും തെരുവിൽ പട നയിക്കാൻ സി പി എമ്മേ നിങ്ങൾക്കാവുമോ?

അൻവർ എന്ന വ്യക്തിയോടും പറയാനുണ്ട്. തുടക്കത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ കുറ്റക്കാരനാണെന്ന് താങ്കൾ സമ്മതിക്കുമോ? നിയമത്തിനു വിധേയപ്പെട്ട് തെറ്റു തിരുത്തുമോ? സർക്കാറിനെതിരെ ഉന്നയിച്ച പരാതിയും വിമർശനവും തീപ്പന്തംപോലെ ജ്വലിക്കണമെങ്കിൽ സ്വന്തം പിശകുകൾ ഏറ്റു പറയാനും തിരുത്താനുമുള്ള ആർജ്ജവം ആവശ്യമുണ്ട്.

അൻവർ തീർച്ചയായും ഒരു സമരരംഗത്താണ്. സമര നാളങ്ങൾ എതിരാളിയിലേക്ക് പടരുന്നതുപോലെ സ്വന്തം പേരിലുള്ള കുറ്റങ്ങളിലേക്കും പടരാതിരിക്കില്ല. ആ പൊള്ളലിൽ തിരുത്തി വന്നാൽ അൻവറിനു വിശ്വാസ്യത കൂടും. ഇല്ലെങ്കിൽ ഈ പോരാട്ടത്തിൽ ജനങ്ങളുടെ വിശ്വാസം കൂട്ടുവരില്ല. സമരം അതിവേഗം തണുക്കും. എല്ലാം പഴയതുപോലാവും.

അൻവർ അറിഞ്ഞോ അറിയാതെയോ തുടങ്ങിവെച്ച പ്രവൃത്തി ജനങ്ങളുടെ ഇംഗിതങ്ങളിൽ വേരുകളാഴ്ത്തി ആഞ്ഞു നിൽപ്പാണ്. അതിന് വലിയ ആഘാതശേഷി കാണും. അതത്രയും വെറുതെയാക്കി കളയരുത്. മുതലാളിത്ത ലോകത്തിലെ ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ കേവലലീലയിൽ ആരംഭിക്കുന്ന ഒരു കൃത്യം ഒരു ജനകീയ മുന്നേറ്റമായി മാറിക്കൂടെന്നില്ല. ചരിത്രത്തിൽ അത്തരം സന്ദർഭങ്ങളും ഉണ്ടാവാം.

അൻവറിൽനിന്നും അത്രയും പ്രതീക്ഷിക്കാമോ എന്നെനിക്കറിയില്ല. പക്ഷേ, നീതിയുടെ ശബ്ദം ഏത് പാതാളത്തിൽനിന്ന് ഉയർന്നാലും അതിനു കൂട്ടും കൂറ്റും നൽകാതെവയ്യ. അത് ഇന്ന് ഏത് ജനാധിപത്യ വാദിയുടെയും കടമയാണെന്ന് ഞാൻ കരുതുന്നു.

തെരുവിൽ ഒരു വിമോചനശബ്ദത്തെയും ഞെരിച്ചു കൊല്ലാൻ അനുവദിച്ചുകൂടാ. അൻവറിൽ പൊടിച്ച ധീരതയുടെ ശബ്ദത്തിന് ഇങ്ക്വിലാബിന്റെ മുഴക്കമുണ്ട്. ആരിലൂടെയെങ്കിലും അതിന് വെളിപ്പെടാതെ വയ്യല്ലോ. അൻവർ ഏറ്റാലും ഒഴിഞ്ഞാലും ഇനി അത് തെരുവിൽ മുഴങ്ങും. ആരിലൂടെയും കത്തിപ്പടരാൻ പാകത്തിൽ അതവിടെയുണ്ടാകും.

ആസാദ്

27 സെപ്തംബർ 2024

Tags:    
News Summary - dr Azad Malayattil about pv anvar and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.