തിരുവനന്തപുരം: പുകഞ്ഞ് പുകഞ്ഞ് അൻവർ പാർട്ടിക്ക് പുറത്താകുമ്പോൾ, അദ്ദേഹം ഉയർത്തിയ പൊള്ളുന്ന ചോദ്യങ്ങൾ പാർട്ടിക്കും പൊതുസമൂഹത്തിനും മുന്നിൽ ഉത്തരമില്ലാതെ കിടക്കുന്നു. പൊലീസിലെയും ഭരണകൂടത്തിലെയും മാഫിയ ബന്ധങ്ങൾക്കെതിരെയാണ് അൻവർ തുടങ്ങിയത്. വിവാദം ആളിക്കത്തിയപ്പോൾ പൂരം കലക്കിയതും എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയുമെല്ലാം കടന്നുവന്നു. പൊലീസിലെ മാഫിയയെക്കുറിച്ചുള്ള ചർച്ച അങ്ങനെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദൂരൂഹമായ പിന്നാമ്പുറ നീക്കങ്ങൾ തുറന്നുകാട്ടുന്നതായി മാറി.
സ്വന്തം എം.എൽ.എ ഇത്രമേൽ ശക്തമായി രംഗത്തുവന്നിട്ടും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും എ.ഡി.ജി.പി അജിത്കുമാറിനെയും മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ടില്ല. മുന്നണിയോഗത്തിലും മന്ത്രിസഭയിലും സി.പി.ഐ ആവർത്തിച്ച് ഉന്നയിച്ചിട്ടും വഴങ്ങിയില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണവലയിൽനിന്ന് മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി ആർ.എസ്.എസുമായി കൈകോർത്തുവെന്നാണ് പി.വി. അൻവർ തുറന്നടിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എ.ഡി.ജി.പി അജിത്കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടതെന്നും പൂരം കലക്കിയത് അതിന്റെ തുടർച്ചയാണെന്നതിലും അൻവറിന് സംശയമില്ല.
പൊലീസിനെ നിയന്ത്രിക്കുന്ന അജിത്കുമാർ പത്തുദിവസത്തെ ഇടവേളക്കിടെ രണ്ട് ആർ.എസ്.എസ് ദേശീയ നേതാക്കളെയാണ് രഹസ്യമായി കണ്ടത്. മുഖ്യമന്ത്രിയുടെ അറിവോടയല്ല കൂടിക്കാഴ്ചയെങ്കിൽ അജിത്കുമാറിനെ പദവിയിൽ തുടരാൻ സർക്കാർ അനുവദിക്കില്ലെന്നത് കട്ടായം. എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ രാഷ്ട്രീയ ശരികേട് സംബന്ധിച്ച ചോദ്യങ്ങൾക്ക് സി.പി.എമ്മും മുഖ്യമന്ത്രിയും ഇതുവരെ ഉത്തരം പറഞ്ഞില്ല. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേ ഹൊസബലെ, ദേശീയ നേതാവ് രാം മാധവ് എന്നിവരെയാണ് അജിത്കുമാർ കണ്ടത്.
പൂരം കലങ്ങിയത് ബി.ജെ.പി ജയത്തിന് ഗുണം ചെയ്തതിൽ ഒരു ഘടകമെന്നാണ് പൊതുവിലയിരുത്തൽ. സുരേഷ് ഗോപിയെ കൃത്യസമയത്ത് ‘രക്ഷകനാ’യി പൂരവേദിയിൽ ആംബുലൻസിലെത്തിച്ചത് ആർ.എസ്.എസിന്റെ തെരഞ്ഞെടുപ്പ് ഏജൻസിയാണെന്നതും പൂരം കലക്കിയതിലും അതേക്കുറിച്ചുള്ള അന്വേഷണം വൈകിപ്പിച്ചതിലും അജിത്കുമാറിന്റെ ഇടപെടലും പരസ്പര പൂരകങ്ങളാണ്. എല്ലാം ആസൂത്രിതമെന്ന് സി.പി.ഐയടക്കം പറയുമ്പോഴും സി.പി.എമ്മിന് ഒന്നും ബോധ്യപ്പെടുന്നില്ല.
സംഘ്പരിവാർ സംരക്ഷണമുണ്ടെന്ന് പറയുന്ന ഓൺലൈൻ മാധ്യമത്തിനെതിരായ അൻവറിന്റെ നീക്കങ്ങൾക്ക് തടയിട്ടതാണ് അൻവറിനെ എ.ഡി.ജി.പിക്കും പി. ശശിക്കും എതിരാക്കിയത്. അതേച്ചൊല്ലി ഉടക്കിയപ്പോൾ അൻവറിന് പുറത്തേക്കുള്ള വഴി തുറന്നിടുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്തത്. സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായ ഇടതുപക്ഷം നിയന്ത്രിക്കുന്ന ഭരണത്തിൽ പൊലീസ് ഇത്രത്തോളം ആർ.എസ്.എസ് ആകുന്നത് എന്തുകൊണ്ടെന്ന അൻവറിന്റെ ചോദ്യം സി.പി.ഐയടക്കമുള്ളവർ ഏറ്റെടുക്കുന്ന നിലയാണ് ഒടുവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.