കോഴിക്കോട്ടേത് പൊലീസിന്റെ വീറുകാട്ടൽ; സർക്കാർ നിലപാട് കേന്ദ്ര ഫാഷിസ്റ്റുകളെ തോൽപിക്കുംവിധം ഭീകരം -ഡോ. ആസാദ്

കോഴിക്കോട്: നിയമസഭയിൽ കെ.കെ. രമ എം.എൽ.എയെ കൈയേറ്റം ചെയ്ത സംഭവത്തിൽ കോഴിക്കോട് പ്രതിഷേധിച്ച സാംസ്കാരിക പ്രവർത്തകർക്കുനേരെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള വീറുകാട്ടലാണ് പൊലീസ് കാണിച്ചതെന്ന് ഇടത് ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ ഡോ. ആസാദ്. വിയോജിപ്പുകളോടും പ്രതിഷേധങ്ങളോടുമുള്ള സംസ്ഥാന സർക്കാർ നിലപാട് കേന്ദ്ര ഫാഷിസ്റ്റുകളെ തോൽപ്പിക്കുംവിധം ഭീകരമായിരിക്കുന്നു എന്നു തിരിച്ചറിവു നൽകുന്ന സംഭവമാണ് കോഴിക്കോടുണ്ടായത്. പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അതിക്രമങ്ങളെ അപലപിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ ശബ്ദവും ഉയരാൻ അനുവദിക്കില്ലെന്ന വാശിയിലാണ് സർക്കാറെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.


ആറ് സ്ത്രീകൾ ഉൾപ്പെടെ 28 പേരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. എസ് കെ പൊറ്റെക്കാട് സ്ക്വയറിൽ പ്ലക്കാർഡുകൾ പിടിച്ചു നിലത്തിരുന്നായിരുന്നു പ്രതിഷേധം. മിഠായിത്തെരുവിൽ പ്രതിഷേധമടക്കം പരിപാടികൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി.

മിഠായിത്തെരുവ് ഭാഗത്തേക്കായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി. പ്രകാശന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ആസാദ് സംസാരിക്കവെ പ്രതിഷേധം റോഡിനഭിമുഖമായി മാറ്റണമെന്ന് പൊലീസ് നിർദേശിച്ചു. എന്നാൽ, ഇതിന് സമയം നൽകാതെ പരിപാടി തടസ്സപ്പെടുത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെന്ന് സംഘാടകർ പറഞ്ഞു.

Full View

ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി. അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ ആദ്യം കെ.പി. പ്രകാശനെ പിടിച്ചു വലിച്ച് പൊലീസ് വാഹനത്തിൽ കയറ്റി. ബലപ്രയോഗത്തിലൂടെ ഡോ. ആസാദ്, വേണുഗോപാലൻ കുനിയിൽ അടക്കമുള്ളവരെയും പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവരെയും പൊലീസ് ബസിൽ കയറ്റി ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. രാത്രി ഒമ്പതുമണിയോടെയാണ് ഇവരെ ജാമ്യത്തിൽ വിട്ടത്.

ഡോ. ആസാദിന്റെ ഫേസ്ബുക് ​കുറിപ്പ്:

കോഴിക്കോട്ട് സാംസ്കാരിക പ്രവർത്തകർ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധം എന്ന പ്രതിഷേധ പരിപാടിയിൽ കടന്നു കയറി പൊലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അതിക്രമങ്ങളെ അപലപിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ ശബ്ദവും ഉയരാൻ അനുവദിക്കില്ലെന്ന വാശിയിലാണ് സർക്കാർ. എസ് കെ പൊറ്റെക്കാട് സ്ക്വയറിൽ പ്ലക്കാർഡുകൾ പിടിച്ചു നിലത്തിരുന്നു നടത്തിയ പ്രതിഷേധം ഒരു വിധ ശല്യവും ഉണ്ടാക്കുന്നതായിരുന്നില്ല.

കെ കെ രമയ്ക്കുനേരെ തുടർച്ചയായി ഉണ്ടാകുന്ന സൈബർ ക്വട്ടേഷൻ അക്രമം ജനാധിപത്യ രാഷ്ട്രീയ ശബ്ദങ്ങൾക്കു നേരെയുള്ള അതിക്രമമാണെന്ന ബോദ്ധ്യമാണ് സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധത്തിന് നിദാനം. വിയോജിപ്പുകൾ ഉയർത്തിയപ്പോൾ ടി പി ചന്ദ്രശേഖരനെ ക്വട്ടേഷൻ ആയുധ സംഘത്തെ നിയോഗിച്ച അതേ രാഷ്ട്രീയ നേതൃത്വമാണ് കെ കെ രമയെ ഇല്ലാതാക്കാൻ ക്വട്ടേഷൻ സൈബർ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളാകെ ഈ ക്വട്ടേഷൻ ഹിംസാശ്രമങ്ങളെ സംരക്ഷിക്കുന്ന നിലപാടിലാണ്.

കെ കെ രമയുടെ രാഷ്ട്രീയ പാർട്ടി നോക്കിയല്ല, നിയമസഭയിലും പുറത്തും അവരുയർത്തുന്ന ജനകീയ രാഷ്ട്രീയവും അവരെ അപമാനിക്കാനും അവരുടെ വിശ്വാസ്യത തകർത്ത് ഇല്ലാതാക്കാനും സർക്കാറും സി പി എമ്മും നടത്തുന്ന ക്വട്ടേഷൻ ഒളിയുദ്ധവും കണ്ടു ബോദ്ധ്യമുള്ളവരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. പ്രശസ്ത കഥാകൃത്തും മുതിർന്ന പത്രപ്രവർത്തകനുമായ യു കെ കുമാരൻ ജനാധിപത്യ പ്രതിരോധം ഉദ്ഘാടനം ചെയ്തു. തുടർന്ന് ആസാദ് സംസാരിച്ചുതീരുമ്പോഴേക്കും പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും സംഘവും ഇരച്ചെത്തി ബലപ്രയോഗവും അറസ്റ്റും ആരംഭിച്ചു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള പൊലീസിന്റെ വീറുകാട്ടൽ ജനങ്ങളെ അത്ഭുതപ്പെടുത്തി.

അറസ്റ്റു ചെയ്യപ്പെട്ടവർ രാത്രി ഒമ്പതുമണിയോടെ ജാമ്യത്തിൽ പുറത്തിറങ്ങി. പക്ഷേ, വിയോജിപ്പുകളോടും പ്രതിഷേധങ്ങളോടുമുള്ള സർക്കാർ നിലപാട് കേന്ദ്ര ഫാഷിസ്റ്റുകളെ തോൽപ്പിക്കുംവിധം ഭീകരമായിരിക്കുന്നു എന്നു തിരിച്ചറിവു നൽകുന്ന സംഭവമാണ് കോഴിക്കോടുണ്ടായത്. ജനാധിപത്യ രാഷ്ട്രീയ ബോദ്ധ്യമുള്ളവർ പ്രതിഷേധം തുടരാതെ വയ്യ.

ആസാദ്

22 മാർച്ച് 2023 (എ കെ ജി ദിനം)

Tags:    
News Summary - Dr. Azad Malayattil against Kozhikode Police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.