'അനായാസേന മരണം വിനാ ദൈന്യേന ജീവിതം' എന്നു പറയുന്നതോടൊപ്പം തന്നെ 'പൂർണ പ്രേജ്ഞന വാർധക്യം' എന്ന വാചകം കൂടി കൂട്ടിച്ചേർക്കുമ്പോഴാണ് പി.കെ. വാര്യർ എന്ന അപൂർവ മനുഷ്യെൻറ ജീവിതരേഖക്ക് പൂർണവിരാമമിടുവാൻ സാധിക്കുകയുള്ളൂ. രോഗങ്ങൾക്കൊന്നും കീഴ്പ്പെടാതെ പൂർണ ആരോഗ്യവാനായി ഒരു നൂറ്റാണ്ടുകാലം നാടിന്‍റെ പ്രകാശമായി നിലനിന്നു എന്നതിൽ അത്ഭുതമേതുമില്ല. അദ്ദേഹം ജീവിതത്തിന്‍റെ ഭാഗമായി സ്വീകരിച്ച ചികിത്സാ സമ്പ്രദായത്തിന്റെയും സവിശേഷമായ ജീവിതശൈലിയുടെയും സമന്വയമായിരിക്കണം ഇതിന്‍റെ മൂലകാരണം.
100 വർഷത്തിന്റെ നിറവിലെത്തിനിൽക്കുമ്പോഴാണ് വിയോഗമെങ്കിലും അകാലവിയോഗം എന്നുതന്നെയാണ് ഇപ്പോഴും എനിക്ക് പറയാൻ തോന്നുന്നത്. ജീവിതദൈർഘ്യത്തിന്‍റെ ഒരു ബുദ്ധിമുട്ടും സമീപനാളുകൾവരെ അദ്ദേഹത്തെ സ്പർശിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പ്രായാധിക്യത്തിന്റെ ഭാഗമായുള്ള ആശയക്കുഴപ്പങ്ങളോ ഓർമക്കുറവുകളോ പോലും അദ്ദേഹത്തെ അലട്ടിയിരുന്നില്ല എന്നത് യാഥാർഥ്യമാണ്. അതുകൊണ്ടാണ് 'പൂർണ പ്രേജ്ഞന വാർധക്യം' എന്ന വാചകത്തെ മുകളിൽ സൂചിപ്പിച്ചത്. ഏതാനും നാളുകൾക്കുമുമ്പ് ഡോ. പി.കെ. വാര്യരുടെ 100 വയസ്സ് പൂർത്തിയാകുന്ന വേളയിൽ എന്റെ മകളുടെ ചികിത്സ സംബന്ധമായ ഓർമ പങ്കുവെച്ചിരുന്നു.
രോഗനിർണയത്തിന് ആധുനിക സംവിധാനങ്ങൾ വ്യാപകമായി തുടരുന്ന കാലത്തും ദർശനത്തിലൂടെ രോഗലക്ഷണം തിരിച്ചറിയുക (SPOT DIAGNOSIS) എന്ന അപൂർവസിദ്ധിയുടെ നൈപുണ്യം അനുഭവിച്ചറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. രോഗനിർണയം മാത്രമല്ല, ചികിത്സയിലുള്ള നൈപുണ്യം ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ അനുഭവിച്ചറിയുവാനുള്ള ഭാഗ്യവും ഞങ്ങൾക്ക് കരഗതമായി.
ആ അനുഭവം കുറച്ചുനാളുകൾക്കുമുമ്പ് പങ്കിടുമ്പോഴും ഇത്ര പെട്ടെന്ന് ഇതുപോലൊരു ഓർമക്കുറിപ്പിലേക്കുകൂടി യാത്രചെയ്യേണ്ടിവരുമെന്ന് കരുതിയതേ ഇല്ല. മരണം സുനിശ്ചിതം സമയം അനിശ്ചിതം എന്നത് യാഥാർഥ്യമായതിനാൽ വേദനകൾ സഹിക്കുകയും നിസ്സഹായരാവുകയും ചെയ്യുക എന്നത് നമ്മുടെ വിധി കൂടിയാണ്. ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ടായിരിക്കും. ഡോ. പി.കെ. വാര്യരുടെ നിയോഗം വലിയ പാരമ്പര്യമുള്ള ചികിത്സാ ശാഖയുടെ മേന്മയെയും തനിമയെയും ലോകത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു. അതിൽ അദ്ദേഹം പൂർണ വിജയംതന്നെയായി മാറി. ലോകത്തിെൻറ ചരിത്രത്തിൽ ആയുർവേദം എന്ന പേരിനോടൊപ്പം ആദ്യം ചേർത്തുവെക്കുന്ന വാക്ക് ഡോ. പി.കെ. വാര്യരുടേത് തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു വലിയ പാഠപുസ്തകമാണ്. വരുംതലമുറകൾക്ക് മാർഗദീപമായി ആ വലിയ മനുഷ്യന്റെ ജീവിതം എന്നും തെളിഞ്ഞുനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ഓർമകൾക്കുമുന്നിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.