മലപ്പുറം: യു.പിയിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ നിരപരാധിയായ ഡോ. കഫീൽ അഹമദ് ഖാനെ പ്രതിയാക്കി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്തി യോഗി ആദിത്യനാഥിന്‍റെ മുൻ മണ്ഡലത്തിലാണ് ദാരുണ സംഭവം നടന്നത്. ഓക്സിജൻ സിലിണ്ടർ എത്തിക്കേണ്ട ഉത്തരവാദിത്തം ഡോ. കഫീൽ അഹമദ് ഖാന്‍റേതായിരുന്നില്ല. ഓക്സിജൻ വിതരണം ചെയ്യുന്ന പുഷ്പ ഓക്സിജൻ ഏജൻസിയുടെ കുടിശിക തീർക്കാൻ നിരവധി തവണ ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടും തയാറാവാത്ത അധികാരികളാണ് യഥാർഥ പ്രതികളെന്നത് വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സംഭവ ദിവസം അവധിയിലായിരുന്നിട്ട് കൂടി ജോലിക്കെത്തിയ കഫീൽ സ്വന്തം നിലയിൽ ഓക്സിജൻ എത്തിച്ചു നൽകി കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതാണ്. ഇതാണ് യോഗി ആദിത്യനാഥിനെ പ്രകോപിപ്പിച്ചതെന്നാണ് ഡോക്ടർക്കെതിരായ നടപടിയിലൂടെ വ്യക്തമാവുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഡോ. കഫീലിന് ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാകുന്നതായി വിവരങ്ങൾ പുറത്തു വരുന്നു. മനുഷ്യത്വം മരവിച്ചു കുഞ്ഞുങ്ങളെ കൊലക്ക് കൊടുത്തവർ പുറത്തു വിലസുമ്പോൾ സ്വന്തം നിലയിൽ ഓക്സിജൻ ലഭ്യമാക്കി കുട്ടികളെ ചികിത്സിച്ച ഡോക്ടറെ പീഡിപ്പിക്കുന്നത് ക്രൂരമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.