തൃശൂർ: പീച്ചി ആസ്ഥാനമായ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ഡോ. കണ്ണൻ സി.എസ്. വാര്യരെ നിയമിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ അഞ്ച് വർഷത്തേക്കാണ് നിയമനം. ഇപ്പോൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ദേശീയ വനഗവേഷണ സ്ഥാപനമായ കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്‍റ് ട്രീ ബ്രീഡിങ്ങിൽ (ഐ.എഫ്.ജി.ബി.ടി) ചീഫ് സയന്‍റിസ്റ്റാണ്.
രാജ്യത്തെ മികച്ച വനശാസ്ത്ര ഗവേഷകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉപ്പുരസമേറിയ മണ്ണിന് യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകൾ രാജ്യത്ത് ആദ്യമായി വികസിപ്പിച്ചത് ഡോ. കണ്ണൻ വാരിയരാണ്. ആലപ്പുഴയിലെ കാവുകളെ പറ്റിയുള്ള സമഗ്ര പഠനത്തിന് ജൈവ വൈവിധ്യ മേഖലയിലെ മികച്ച ഗവേഷകനുള്ള റോള എസ്. റാവു ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് അമേരിക്കയിൽ നടത്തിയ വന ജനിതക പ്രജനന പര്യവേഷണ പരിപാടിയിൽ പങ്കെടുത്ത ഏക മലയാളിയാണ്.
ഐക്യരാഷ്ട്ര സഭയുടെ ‘ഫുഡ് ആന്‍റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ’ (എഫ്.എ.ഒ) ഏകോപിപ്പിച്ച ആഗോള വന ജനിതക വിഭവ സംരക്ഷണ പരിപാടിയിലും അംഗമായിരുന്നു. യുനെസ്കോ അന്താരാഷ്ട്രതലത്തിൽ വികസിപ്പിച്ച ഡാറ്റാ അനാലിസിസ് ആന്‍റ് മാനേജ്‌മെന്‍റ് സിസ്റ്റത്തിൽ പരിശീലനം നേടി. ഡിജിറ്റൽ ചിത്രം ഉപയോഗിച്ച് വനത്തോട്ടങ്ങളുടെ വിളവ് നിർണയിക്കുന്ന സാങ്കേതിക വിദ്യക്ക് സഹപ്രവർത്തകർക്കൊപ്പം പേറ്റന്‍റ് നേടിയിരുന്നു. ഇന്ത്യയിൽ 17 പേറ്റന്‍റ് മാത്രമാണ് വനശാസ്ത്ര മേഖലയിലുള്ളത്. ഉയർന്ന വിളവ് ലഭിക്കുന്ന ക്ലോണൽ തോട്ടങ്ങൾ വളർത്താൻ വിവിധ വന വികസന കോർപറേഷനുകളുടെ കൺസൾട്ടന്‍റ് അംഗമായി പ്രവർത്തിച്ചു. കാവേരി നദിയുടെ പുനരുജ്ജീവന ദേശീയ പദ്ധതിയുടെ കേരള ഘടകം മുഖ്യ ആസൂത്രകനായിരുന്നു.
വനശാസ്ത്ര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്‍റെ ഗവേഷണ പരിചയമുള്ള ഡോ. കണ്ണൻ വാരിയർ 301 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോറസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസായ അദ്ദേഹം അഞ്ച് തവണ കേരള കാർഷിക സർവകലാശാലയുടെ കലാപ്രതിഭയുമായിരുന്നു. ഗിറ്റാർ, മൃദംഗം, ഹാർമോണിയം, ഹാർമോണിക്ക. ഇടക്ക എന്നീ വാദ്യങ്ങൾ വായിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് വേണ്ടി പരിസ്ഥിതി ദിനത്തിനായി യജുർ വേദത്തെ ആസ്‌പദമാക്കി ഡോ. കണ്ണൻ വാരിയർ സംഗീതം നൽകി ആലപിച്ച ‘പ്രകൃതി വന്ദനം’ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
വനമഹോത്സവത്തിൽ ഹിറ്റായി മാറിയ കേരള സംസ്ഥാന വനം വകുപ്പിന്‍റെ തീം സോങ്, പി. ജയചന്ദ്രൻ ആലപിച്ച ‘കാടറിവി’ന് സംഗീതം നൽകിയത് കണ്ണൻ വാര്യരാണ്. എഫ്.എ.ഒ 2022ലെ രാജ്യന്തര വനദിനത്തിന്‍റെ ഭാഗമായി ബാങ്കോക്കിൽ നടത്തിയ ബോധവൽക്കരണ സംരംഭത്തിൽ ‘തടിയിൽനിന്നും സംഗീതം’ എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. സ്വന്തമായി ഈണം നൽകി പാടിയ ‘ദശപുഷ്‌പം’ എന്ന സംഗീത ആൽബത്തിന് പുറമെ ‘ലളിതം’ എന്ന കർണാടക സംഗീത ആൽബവും പുറത്തിറക്കിയിട്ടുണ്ട്. ഡൽഹിയിൽ റിപബ്ലിക് ദിന പരിപാടിയിൽ എൻ.സി.സി കേരള സംസ്‌ഥാനത്തെ പ്രതിനിധാനം ചെയ്ത് കലാപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയിൽ അനൗൺസറായിരുന്നു. സംസ്ഥാന യുവജനോത്സവത്തിൽ 10 വർഷത്തിലേറെ വിധികർത്താവായി പങ്കെടുത്തിട്ടുണ്ട്.
തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്താനുതകുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുതിയ സംരംഭമായ ‘ഗ്രീൻ സ്കിൽ’ ഡെവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ നോഡൽ ഓഫീസറാണ്. എൻവിസ് മേധാവി കൂടിയായ ഡോ. കണ്ണൻ വാരിയർ ഐ.എഫ്.ജി.ബി.ടിയുടെ കേരളത്തിലെ വന വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്‍റെ ചുമതലക്കാരനാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്. ഭാര്യ: ഡോ. രേഖ വാര്യർ. മക്കൾ: അമൃത്, അനിരുദ്ധ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.