തിരുവനന്തപുരം: അർബുദത്തെ ഭയന്നിരുന്ന കാലഘട്ടത്തിൽ ആധുനിക ചികിത്സാസംവിധാനങ്ങൾ ഉൾപ്പെടെ വികസിപ്പിച്ച് റീജനൽ കാൻസർ സെൻററിനെ (ആർ.സി.സി) ജനകീയമാക്കിയ അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച ഡോ. എം. കൃഷ്ണൻനായർ. അർബുദം അവസാനമല്ലെന്ന് തെളിയിച്ച് അതിജീവനത്തിെൻറ പുത്തൻ പ്രതീക്ഷ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിെൻറ ഒൗദ്യോഗിക ജീവിതത്തിൽ കളങ്കം സൃഷ്ടിച്ച സംഭവമായിരുന്നു മരുന്ന് പരീക്ഷണ വിവാദം. പേക്ഷ കേന്ദ്ര ഏജൻസികൾ ക്ലീൻചിറ്റ് നൽകിയതോടെ ആ വിവാദം കെട്ടടങ്ങി.
ഇന്ത്യയിലെ ഏറ്റവും വലുതും സമഗ്രവുമായ കാന്‍സര്‍ സെൻററായി ആര്.സി.സിയെ മാറ്റിയതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. കമ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. കുട്ടികൾക്ക് മാത്രമായി പ്രത്യേക കാൻസർ ചികിത്സാസംവിധാനം, ജില്ലകൾ തോറും കാൻസർ ചികിത്സാകേന്ദ്രങ്ങൾ, സാന്ത്വനം പാലിയേറ്റിവ് കെയർ പദ്ധതികൾ എന്നിവയെല്ലാം അദ്ദേഹം വിഭാവനം ചെയ്തതാണ്. മുന്നൂറിലധികം പ്രബന്ധങ്ങളും അദ്ദേഹം രചിച്ചു.
ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയാറാക്കിയതിലും അദ്ദേഹത്തിെൻറ പങ്ക് വലുതായിരുന്നു. റേഡിയേഷെൻറ കൂടുതൽ സാധ്യതകളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തെ 1968 ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് റേഡിയോ തെറപ്പി ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തരബിരുദം നേടാൻ പ്രേരിപ്പിച്ചത്.
തുടർന്ന് 1972ല്‍ ലണ്ടനിലെ റോയല്‍ കോളജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി. മടങ്ങിയെത്തിയ അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അര്‍ബുദ ചികിത്സക്കായി ഒരു യൂനിറ്റ് ആരംഭിച്ചു. അര്‍ബുദ ചികിത്സയെക്കുറിച്ചുള്ള ദീർഘവീക്ഷണവും ആതുരവേനത്തോടുള്ള അര്‍പ്പണമനോഭാവവുമാണ് 1981ല്‍ ആർ.സി.സിയുടെ സ്ഥാപകനായി അദ്ദേഹത്തെ എത്തിച്ചത്.
നൂറ് രൂപ അടച്ചാല്‍ ചികിത്സ ഉറപ്പാക്കുന്ന കാന്‍സര്‍ ഫോര്‍ ലൈഫ് എന്ന അദ്ദേഹം വിഭാവനം ചെയ്ത പദ്ധതി ലോകത്തെതന്നെ അസാധാരണ മാതൃകയായി. സർവിസ് ജീവിതത്തിെൻറ അവസാനകാലത്താണ് ആർ.സി.സിയിലെ മരുന്ന് പരീക്ഷണം വിവാദമാകുന്നത്.
രോഗികളിൽ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയും ആർ.സി.സിയുമായി ചേര്‍ന്നാണ് മരുന്ന് പരീക്ഷണം നടത്തിയത്. ഏറെക്കാലം ചർച്ച ചെയ്യപ്പെട്ട വിഷയം കേന്ദ്ര സർക്കാർ ഏജന്‍സികൾ അന്വേഷിക്കുകയും ആരോപണങ്ങള്‍ തള്ളുകയും ചെയ്തതോടെയാണ് കൃഷ്ണൻനായർക്ക് ആശ്വാസമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.