തിരുവനന്തപുരം: പ്രമുഖ ദലിത് ചിന്തകനും സാമ്പത്തികശാസ്ത്ര വിദഗ്ധനും അധ്യാപകനുമായ ഡോ.എം. കുഞ്ഞാമൻ (74) അന്തരിച്ചു. ഞായറാഴ്ച വൈകീട്ടോടെ ചെമ്പഴന്തി വെഞ്ചാവോട് ശ്രീനഗർ ഹൗസ് നമ്പർ മൂന്നിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസ് നിഗമനം. ‘‘ഏറെ നാളായി ആഗ്രഹിച്ചതാണ്. ഞാൻ പോകുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. സഹായിച്ചവർക്കെല്ലാം നന്ദി ’’ എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച കുഞ്ഞാമന്റെ 74ാം ജന്മദിനമായിരുന്നു.
ഭാര്യ രോഹിണി ചികിത്സ സംബന്ധമായി മലപ്പുറത്തായതിനാൽ അദ്ദേഹം വീട്ടിൽ തനിച്ചായിരുന്നു. സുഹൃത്തായ കെ.എം. ഷാജഹാനോട് ഞായറാഴ്ച കാണണമെന്ന് ശനിയാഴ്ച ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഷാജഹാൻ വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ തറയിൽ കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പിന്നീട്. പാലക്കാട് വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം. കുഞ്ഞാമന് ജനിച്ചത്. മണ്ണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനാണ്. വാടാനംകുറിശ്ശി എല്‍.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രീഡിഗ്രി മുതല്‍ എം.എ വരെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലായിരുന്നു പഠനം. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനു ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദലിത് വിദ്യാര്‍ഥിയാണ്.
1974ൽ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എം.എയിൽ റാങ്ക് നേടിയ ശേഷം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ ‘കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസിജീവിതത്തെക്കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി . പിന്നീട് ‘ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണം’ എന്ന വിഷയത്തില്‍ കുസാറ്റില്‍നിന്ന് പിഎച്ച്.ഡി പൂര്‍ത്തിയാക്കി. 1979 മുതല്‍ 2006 വരെ കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ സാമ്പത്തികശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു. ഒന്നരവര്‍ഷത്തോളം യു.ജി.സി അംഗവുമായിരുന്നു.
2006ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ചശേഷമാണ് തുല്ജാപൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രഫസറായത്. വിരമിച്ച ശേഷം നാലു വര്‍ഷം കൂടി അദ്ദേഹം അവിടെ തുടര്‍ന്നു. ദലിതരുമായിബന്ധപ്പെട്ട ഇടതുപക്ഷ നയങ്ങളെ പരസ്യമായി തന്നെ എതിർത്തിരുന്ന കുഞ്ഞാമൻ, ദലിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
കേരളത്തിലെ വികസനപ്രതിസന്ധി, എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം (ആത്മകഥ), സ്റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്: എ സബാള്‍ട്ടേണ്‍ പെര്‍സ്പെക്ടീവ്, ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്മെന്റ് ഓഫ് ട്രൈബല്‍ ഇക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2021ലെ മികച്ച ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എതിരിന് ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചു.
അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു നിലപാട്. ഭാര്യ: രോഹിണി, മക്കൾ: ഡോ. അഞ്ജലി (അമേരിക്ക), പരേതയായ അനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.