കോഴിക്കോട്: സാന്ത്വനപരിചരണ രംഗത്ത് ലോകത്തിനുതന്നെ മാതൃകയായ പെയ്ൻ ആൻഡ് പാലിയേറ്റിവ് പ്രസ്ഥാനത്തിെൻറ അമരക്കാരിലൊരാളെ പത്മശ്രീ തേടിയെത്തിയത് കോഴിക്കോടിനെ അഭിമാനത്തേരിലേറ്റുന്നു. ‘ഇന്ത്യയുടെ പാലിയേറ്റിവ് പരിചരണത്തിെൻറ പിതാവ്’ എന്നറിയപ്പെടുന്ന ഡോ. എം.ആർ. രാജഗോപാലാണ് പത്മപുരസ്കാരത്തിെൻറ ഉന്നതികളിൽ എത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ പുരസ്കാരനേട്ടം നൂറുകണക്കിന് പാലിയേറ്റിവ് രോഗികളുടെ പ്രാർഥനയുടെ ഫലമാണ്.
25 വർഷംമുമ്പ് ഡോ. സുരേഷ്കുമാറിനൊപ്പം ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളജിനടുത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ (ഐ.പി.എം) എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്. 1993ൽ മെഡിക്കൽ കോളജിൽ പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കീഴിൽ ആരംഭിച്ച സാന്ത്വനകേന്ദ്രത്തിലൂടെ നിത്യശയ്യയിലായ അനേകം പേരുടെ കണ്ണീരാണ് ഡോ. രാജഗോപാൽ ഒപ്പിയെടുത്തത്.
ഐ.പി.എമ്മിനു പിന്നാലെ ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവിനും തുടക്കംകുറിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവ രണ്ടും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യയുടെ ചെയർമാനാണ്. അമേരിക്കൻ അക്കാദമി ഓഫ് ഹോസ്പൈസ് ആൻഡ് പാലിയേറ്റിവ് മെഡിസിെൻറ (എ.എ.എച്ച്.പി.എം) സാന്ത്വനപരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ലോകെത്ത 30 പേരുടെ പട്ടികയിലുൾപ്പെട്ട ഏക ഇന്ത്യക്കാരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും ന്യൂഡൽഹി എയിംസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. അനസ്തേഷ്യോളജിയിൽ സ്പെഷലൈസ് ചെയ്ത ഡോ. രാജഗോപാൽ പിന്നീട് പാലിയേറ്റിവ് മെഡിസിനിൽ ഒട്ടേറെ പഠനങ്ങൾ നടത്തി. ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ അലിസൻ ഫോർജ് അവാർഡ്, അപ്പോളോ ഹോസ്പിറ്റൽസ് ആൻഡ് നെറ്റ്്്വർക്ക്18െൻറ ഹീലേഴ്സ് ഓഫ് ഇന്ത്യ അവാർഡ്, ഇൻറർനാഷനൽ അസോ. ഫോർ സ്റ്റഡി ഓഫ് പെയ്നിെൻറ അവാർഡ് ഫോർ എക്സലൻസ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുരസ്കാരത്തിൽ വ്യക്തിപരമായി ഏറെ സന്തോഷിക്കുന്നുവെന്നും പാലിയേറ്റിവ് കെയർ പ്രസ്ഥാനത്തിന് ദേശീയതലത്തിൽ കൂടുതൽ ജനപ്രിയത കിട്ടാൻ നിമിത്തമായതിൽ അഭിമാനിക്കുന്നുവെന്നും ഡോ. രാജഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.