'ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിള്ളേരുണ്ടാവാത്ത ആ മരുന്ന് ഏതാ? പറ, അതിന്റെ ഫോർമുല പറ!'

കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്ന ​വർഗീയ പ്രസംഗം നടത്തിയ ​മുൻ എം.എൽ.എ പി.സി. ജോർജിനെതിരെ ഡോ. നെൽസൺ ജോസഫ്. അത്തരത്തിൽ ഒരു മരുന്നുണ്ടെങ്കിൽ അതേതാണെന്നും അതിന്റെ ഫോർമുല എന്താണെന്നും വ്യക്തമാക്കണമെന്ന് നെൽസൺ ആവശ്യപ്പെട്ടു.

ഗർഭമുണ്ടാവാതിരിക്കാൻ ലോകത്ത്‌ സ്വീകരിക്കുന്ന മാർഗങ്ങളാണ് വിത്ഡ്രോവൽ മെതേഡ്‌, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ്‌ പിൽ, ഇഞ്ചക്ഷൻ, വാസക്ടമി, ട്യൂബെക്ടമി തുടങ്ങിയവ. ഇതിനേക്കാൾ സിംപിളാണ് ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റമെന്നും അതി​ന്റെ ഫോർമുല വ്യക്തമാക്കിയാൽ നോബൽ പ്രൈസിന്റെ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുസ്‌ലിം സമുദായത്തിനെതിരെ പി.സി. ജോർജ് വിദ്വേഷ പ്രസംഗം നടത്തിയത്. ജോർജിനെതിരെ നിരവധി സംഘടനകൾ പരാതി നൽകിയിട്ടുണ്ട്.

കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങിയ വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പി.സി. ജോർജ് പ്രസംഗിച്ചത്.

നെൽസൺ ജോസഫിന്റെ കുറിപ്പ് വായിക്കാം:

അല്ല,വെറും അക്കാദമിക്‌ താൽപര്യം മാത്രം.

ഹോട്ടലിൽ വച്ചിരിക്കുന്ന, ചായയിൽ ഒരു തുള്ളി ഒഴിച്ചാൽ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം.

വിത്ഡ്രോവൽ മെതേഡ്‌, കോണ്ടം, കോപ്പർ ടി, കോണ്ട്രാസെപ്റ്റീവ്‌ പിൽ, ഇഞ്ചക്ഷൻ. . .

പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെർമനന്റായ വഴികളും.

പിള്ളേരുണ്ടാവാതിരിക്കാൻ ഇത്രയും വഴികൾ മിനിമം പയറ്റുന്നുണ്ട്‌ ലോകത്ത്‌. ഇനിയുമുണ്ട്‌, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്‌

ഇതിൽ കോണ്ടത്തിന്റെ ഗ്ലോബൽ മാർക്കറ്റ്‌ മാത്രം 9.9 ബില്യൺ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു.

എന്ന് വച്ചാൽ 75,000 ചില്വാനം കോടി രൂപ.

അതിനൊക്കെ ഒരു സിമ്പിൾ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയിൽ സംഗതി ക്ലീനാക്കുന്ന ഐറ്റം.

പറ, അതിന്റെ ഫോർമുല പറ.

നൊബേൽ നമുക്ക്‌ ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്

Tags:    
News Summary - Dr Nelson Joseph against PC George hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.