കൊച്ചി: പൊട്ടിയ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണിക്കും മാറ്റിസ്ഥാപിക്കലിനും വേണ്ടി സർക്കാർ മൂന്ന് വർഷത്തിനിടെ മുടക്കിയത് 460.76 കോടി രൂപ. 2021-22 സാമ്പത്തിക വർഷം 135.59 കോടി, 2022-23ൽ 197.76 കോടി 2023-24ൽ 127.41 കോടി എന്നിങ്ങനെയാണ് തുക ചെലവിടേണ്ടി വന്നത്.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് പതിവുകാഴ്ചയാണ്. എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലടക്കം ഇത്തരത്തിൽ കുടിവെള്ള വിതരണ പൈപ്പ് സമീപകാലത്ത് പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വലിയ പൈപ്പുകൾ പൊട്ടി റോഡ് തകർന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കാലഹരണപ്പെട്ട പൈപ്പുകൾ സമയബന്ധിതമായി മാറ്റിസ്ഥാപിക്കുന്നതിലൂടെ മാത്രമേ ഈ സ്ഥിതിക്ക് പരിഹാരം കാണാനാകൂ.
അതേസമയം, ഇത്തരത്തിൽ പഴക്കം ചെന്ന പൈപ്പുകളെക്കുറിച്ചുള്ള ഒരു വിവരവും രേഖകളും അധികൃതരുടെ പക്കലില്ല. കാലാവധി കഴിഞ്ഞ പൈപ്പുകൾ എത്രത്തോളമെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് ജല അതോറിറ്റി വ്യക്തമാക്കുന്നത്. പൈപ്പുകളുടെ ഉപയോഗ കാലാവധി ഔദ്യോഗികമായി നിശ്ചയിച്ചിട്ടുമില്ല.
അമിതഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള സമ്മർദത്താലും റോഡ് പണിക്കിടയിലും മറ്റ് ഏജൻസികളുടെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലും പൈപ്പുകൾ പൊട്ടുന്ന സംഭവങ്ങളുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുമ്പോൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. പൈപ്പ് പൊട്ടൽ അറിയാനും പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാനുമായി അക്വലൂം എന്ന ഓൺലൈൻ ആപ്ലിക്കേഷൻ ജല അതോറിറ്റി ഉപയോഗിക്കുന്നുണ്ട്.
ഇതുവഴി പൈപ്പ് പൊട്ടലുകൾ യഥാസമയം പരിഹരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകളും നിർദേശങ്ങളും ഉന്നതതലങ്ങളിൽനിന്ന് നൽകുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
പൈപ്പ് പൊട്ടുന്നതുമൂലം ജലവിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാനായി സമയദൈർഘ്യം കുറക്കുന്നതിന് ബ്ലൂ ബ്രിഗേഡ് സംവിധാനം രൂപവത്കരിച്ച് ജല അതോറിറ്റി നേരിട്ട് അറ്റകുറ്റപ്പണി നടത്തുന്നുമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.