തിരുവനന്തപുരം: എതിർപ്പുകൾ അവഗണിച്ച് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാൻ ഗതാഗതവകുപ്പ് തീരുമാനം. വെള്ളിയാഴ്ച മുതൽ പൊലീസ് സുരക്ഷയിൽ ടെസ്റ്റ് നടത്തും. പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലെ ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ടെസ്റ്റ് ഗ്രൗണ്ടുകൾ സജ്ജമാക്കാൻ ആർ.ടി.ഒമാർക്ക് മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി.
അപേക്ഷകർക്ക് സ്വന്തം വാഹനങ്ങളിലെത്താം. ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ അവ വാടകക്കെടുത്ത് മുടക്കം കൂടാതെ നടത്തും. സ്ലോട്ട് ലഭിച്ച അപേക്ഷകർ വെള്ളിയാഴ്ച മുതൽ ടെസ്റ്റിന് ഹാജരാകണം. അപേക്ഷകരെ ഗ്രൗണ്ടുകളിൽ തടസ്സപ്പെടുത്താൻ അനുവദിക്കില്ല. ബാഹ്യശക്തികളുമായി ചേർന്ന് നിസ്സാര കാരണങ്ങൾ പറഞ്ഞ് ടെസ്റ്റിന് എത്തുന്നവരെ മടക്കി അയക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചാൽ കർശന നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകി.
ഇപ്പോൾ നടക്കുന്ന സമരം പൊതുജനതാൽപര്യത്തിനും കോടതി നിർദേശങ്ങൾക്കും എതിരാണെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് ലഭിച്ചവർ അതത് ദിവസം ഹാജരാകാൻ പ്രത്യേക ശ്രദ്ധയും താൽപര്യവും പുലർത്തണം. ബോധപൂർവം മാറിനിന്നാൽ അടുത്ത ടെസ്റ്റിന് അർഹത ലഭിക്കാൻ കാലതാമസമുണ്ടായേക്കും. ഓരോ ദിവസവും അനുവദിക്കപ്പെട്ട സ്ലോട്ടുകളിൽ പങ്കെടുക്കേണ്ടവർ വരാതിരുന്നാൽ പകരം തൊട്ടടുത്ത ദിവസങ്ങളിലെ സ്ലോട്ടിൽനിന്ന് സന്നദ്ധത അറിയിക്കുന്ന നിശ്ചിത എണ്ണം ആളുകളെ ഉൾപ്പെടുത്തി വെയിറ്റിങ് ലിസ്റ്റ് തയാറാക്കി ടെസ്റ്റ് നടത്താൻനിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: സമരം ശക്തമാക്കാൻ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. എട്ട് ദിവസമായി ടെസ്റ്റ് ബഹിഷ്കരിച്ച് നടത്തുന്ന സമരത്തിന്റെ തുടർച്ചയായി തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.