മൊറയൂര്‍: മോങ്ങം ഹില്‍ടോപ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനും കൈയാങ്കളിക്കുമിടയില് തല ഭിത്തിയിലിടിച്ച് പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് നാഗപട്ടണത്തിനടുത്ത് മൈലാടുംതുറ സ്വദേശി ബല്‍റാമാണ് (45) മരിച്ചത്.
സംഭവത്തില്‍ സുഹൃത്തും നാട്ടുകാരനുമായ മൈലാടുംതുറ സ്വദേശി വാസുവിനെ (43) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മോങ്ങത്ത് 20 വര്‍ഷമായി കല്‍പ്പണിക്കാരായ ബല്‍റാമും വാസുവും ഹില്‍ടോപ്പില്‍ മറ്റു രണ്ട് സുഹൃത്തുക്കളുടെ വാടക ക്വാര്‍ട്ടേഴ്സില്‍ തിങ്കളാഴ്ച രാവിലെയെത്തി മദ്യപിക്കുന്നതിനിടെയാണ് സംഭവം.
രാവിലെ 9.30ഓടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലുള്ള തര്‍ക്കത്തിനിടെ വാസു ബല്‍റാമിനെ പിടിച്ച് തള്ളുകയും ഭിത്തിയില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റ ബല്‍റാം മരിക്കുകയുമായിരുന്നു. വാസുവിനെ മോങ്ങത്തുനിന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. ബല്‍റാം അവിവാഹിതനാണ്. ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.