കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സർക്കാറിന് സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇ-മെയിലായി രസീതും മറുപടിയും നൽകാൻ നടപടി. ഇതിന്റെ ഭാഗമായി അപേക്ഷകന്റെ ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്താൻ കഴിയുംവിധം അപേക്ഷ ഫോറങ്ങൾ പരിഷ്കരിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. അപേക്ഷകളിൽ ഇ-മെയിൽ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണെന്ന നിർദേശം പൊതുജനങ്ങൾക്ക് ദൃശ്യമാകുന്ന രീതിയിൽ എല്ലാ സർക്കാർ ഓഫിസുകളിലും പ്രദർശിപ്പിക്കും. രസീതിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ ഉപയോഗിച്ച് https://eofficekerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷകന് അപേക്ഷയുടെ നിലവിലെ സ്ഥിതി ഓൺലൈനായി അറിയാൻ സാധിക്കും.
പൊതുജനങ്ങളിൽനിന്ന് സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന പരാതികൾ ഇ-ഓഫിസ് സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യുമ്പോൾ പരാതിക്കാരന്റെ ഇ-മെയിൽ ഐ.ഡി ‘റസീപ്റ്റ് ക്രിയേഷൻ’ മൊഡ്യൂളിൽ രേഖപ്പെടുത്തി ‘പേഴ്സനലൈസ് അക്നോളജ്മെന്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽ പരാതി രജിസ്റ്റർ ചെയ്യണം. ഇതോടെ മറുപടികളും തൽസ്ഥിതിയും അപേക്ഷകന് ഓൺലൈനായി അറിയാൻ സാധിക്കും. ‘ഇ- ഓഫിസ്’ സോഫ്റ്റ്വെയറിൽ ഈ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും പൊതുവായി ഉപയോഗിക്കുന്നില്ലെന്ന് സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.