സർക്കാർ അപേക്ഷകളിൽ ഇ-മെയിൽ ഐ.ഡിയും ഫോൺ നമ്പറും
text_fieldsകോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സർക്കാറിന് സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഇ-മെയിലായി രസീതും മറുപടിയും നൽകാൻ നടപടി. ഇതിന്റെ ഭാഗമായി അപേക്ഷകന്റെ ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്താൻ കഴിയുംവിധം അപേക്ഷ ഫോറങ്ങൾ പരിഷ്കരിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. അപേക്ഷകളിൽ ഇ-മെയിൽ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണെന്ന നിർദേശം പൊതുജനങ്ങൾക്ക് ദൃശ്യമാകുന്ന രീതിയിൽ എല്ലാ സർക്കാർ ഓഫിസുകളിലും പ്രദർശിപ്പിക്കും. രസീതിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പർ ഉപയോഗിച്ച് https://eofficekerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷകന് അപേക്ഷയുടെ നിലവിലെ സ്ഥിതി ഓൺലൈനായി അറിയാൻ സാധിക്കും.
പൊതുജനങ്ങളിൽനിന്ന് സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന പരാതികൾ ഇ-ഓഫിസ് സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യുമ്പോൾ പരാതിക്കാരന്റെ ഇ-മെയിൽ ഐ.ഡി ‘റസീപ്റ്റ് ക്രിയേഷൻ’ മൊഡ്യൂളിൽ രേഖപ്പെടുത്തി ‘പേഴ്സനലൈസ് അക്നോളജ്മെന്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ബന്ധപ്പെട്ട വകുപ്പുകളിൽ പരാതി രജിസ്റ്റർ ചെയ്യണം. ഇതോടെ മറുപടികളും തൽസ്ഥിതിയും അപേക്ഷകന് ഓൺലൈനായി അറിയാൻ സാധിക്കും. ‘ഇ- ഓഫിസ്’ സോഫ്റ്റ്വെയറിൽ ഈ സൗകര്യങ്ങൾ ലഭ്യമാണെങ്കിലും പൊതുവായി ഉപയോഗിക്കുന്നില്ലെന്ന് സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.