തൃശൂർ: അവധി ദിവസത്തിന് പിന്നാലെ ബുധനാഴ്ച രാവിലെ റേഷൻ വാങ്ങാൻ എത്തിയവർ വലഞ്ഞു. സർവർ പണിമുടക്കിയതിനാൽ ഉച്ചവരെ വിതരണം മുടങ്ങി. ചൊവ്വാഴ്ച അവധിയായതിനാൽ ബുധനാഴ്ച പതിവിൽ കവിഞ്ഞ തിരക്കുണ്ടായിരുന്നു.
മാസാവസാനമായതും ജനുവരിയിലെ കിറ്റ് വിതരണം തുടങ്ങിയതും തിരക്ക് കൂടാൻ കാരണമായി. എന്നാൽ ഇ-പോസ് പ്രവർത്തിക്കാത്തതിനാൽ മണിക്കൂറുകൾ കാത്തിരുന്ന് കാർഡ് ഉടമകൾ മടങ്ങേണ്ടിവന്നു. പലയിടത്തും വ്യാപാരികളുമായി വാക്കേറ്റമുണ്ടായി. ജനം വീണ്ടും എത്താൻ തുടങ്ങിയതോടെ വ്യാപാരികൾ കടയടച്ചു. നെറ്റ്വർക്ക് തകരാർ മൂലമാണ് പ്രശ്നമുണ്ടായതെന്നും ഉച്ച ഒന്നരയോടെ പരിഹരിച്ചെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് 14,252 റേഷൻ കടകളാണുള്ളത്. ഇതിൽ 5000 എണ്ണം ഒരുമിച്ച് പ്രവർത്തിച്ചാൽ തന്നെ സർവർ തകരാറിലാവുമെന്നാണ് വ്യാപാരികളുടെ ആരോപണം. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കൂടുതൽ ആളുകൾ എത്തുന്ന വൈകുന്നേരങ്ങളിൽ പ്രശ്നമുള്ളതായി അവർ പറയുന്നു. മാസാവസാന ദിനങ്ങളിൽ സർവർ പണിമുടക്ക് തുടരുകയാണെന്ന് വ്യാപാരി സംഘടന നേതാക്കൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് പ്രശ്നം ഉണ്ടായിരുന്നതായി പൊതുവിതരണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യവകുപ്പ് രണ്ടുവർഷം മുമ്പ് അഞ്ചര കോടിയിലധികം മുടക്കി സ്ഥാപിച്ചതാണ് നിലവിലെ സർവർ. എന്നാൽ, വിവിധ മേഖലകളിൽ തുടരുന്ന നെറ്റ്വർക്ക് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാറിനായിട്ടില്ല. വിവിധ മേഖലകൾക്ക് അനുയോജ്യമായ മൊബൈൽ നെറ്റ്വർക്കുകൾ നൽകണമെന്ന ഉന്നത ഉദ്യോസ്ഥ നിർദേശം വകുപ്പ് അവഗണിക്കുകയാണ്. ഡിസംബർ കിറ്റ് വിതരണത്തിെൻറ അവസാന ദിനമായ ശനിയാഴ്ച രാവിലെ മുതൽ ഭാഗികമായും ഉച്ചക്ക് ശേഷം പൂർണമായും സർവർ തകരാർ മൂലം കിറ്റുകൾ ഏറെ പേർക്ക് നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.