ആലുവ: എടയപുറം ചാത്തൻപുറത്ത് എട്ടു വയസുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി ക്രിസ്റ്റൽ രാജുമായി വിശദ തെളിവെടുപ്പ് നടത്തി പൊലീസ്. കഴിഞ്ഞ ദിവസം പ്രതിയെ കൃത്യം നടന്ന പാടശേഖരത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടം തടച്ചുകൂടിയിരുന്നതിനാൽ അന്ന് തെളിവെടുപ്പ് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച്ച രാവിലെ അപ്രതീക്ഷിതമായി തെളിവെടുപ്പിനെത്തിയത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രാവിലെ 10.30 ഓടെയാണ് കുട്ടിയുടെ വാടക വീട്ടിൽ പ്രതിയെ എത്തിച്ചത്. ഇവിടെ നിന്ന് വിവിധ പറമ്പുകളിലൂടെയും ഇടവഴികളിലൂടെയുമാണ് ഇയാൾ കുട്ടിയുമായി പാടത്തേക്ക് പോയത്. ഇയാളുടെ മൊഴി പ്രകാരമുള്ള വഴികളിലൂടെ പ്രതിയുമായി അന്വേഷണ സംഘം പാടത്തെത്തി. പാടത്തെ മോട്ടോർ ഷെഡിനടുത്ത് വെച്ച് കൃത്യം നടത്തിയ ശേഷം ഇയാളുടെ സുഹൃത്തുക്കളും മോഷണ വസ്തുക്കൾ വിൽക്കാൻ സഹായിക്കുന്നവരുമായ മുഷ്താഖ്, ബിശ്വാസ് എന്നിവർ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെത്തി. ഇവിടെ ഒന്നാം നിലയിലെ മുറിയിൽ വച്ചാണ് ഇയാൾ ശരീരത്തിലും വസ്ത്രത്തിലും പറ്റിയിരുന്ന രക്തം കഴുകി കളഞ്ഞത്. നാട്ടുകാർ തിരച്ചിൽ നടത്തുന്നതറിഞ്ഞാണ് കുട്ടിയെ ഉപേക്ഷിച്ച് ഇവിടേക്ക് കടന്നത്.
ഇവിടെ വിശ്രമിക്കുന്നതിനിടയിൽ റോഡിൽ നാട്ടുകാർ തിരച്ചിലാരംഭിച്ചതറിഞ്ഞ് പാടശേഖരത്തുകൂടി ആലുവ - പെരുമ്പാവൂർ റോഡിൽ മാർവർ കവലക്ക് സമീപമുള്ള ജനവാസ കേന്ദ്രത്തിലെത്തി. അവിടെ, ആദ്യം കണ്ട വീടിന്‍റെ തുറന്നിട്ട ജനലിലൂടെ ഫാത്തിമയെന്ന സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ചു. തൊട്ടടുത്ത ഡോക്ടറുടെ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി വീടിന്‍റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ പൊലീസ് പ്രതിക്കു വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ മൊബെൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇവിടെയെത്തിയ സ്ക്വാഡംഗങ്ങൾ പ്രതി വിശ്രമിക്കുന്ന വീടിന്‍റെ എതിർവശത്തെ വീട്ടിൽ കയറി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസ് തന്നെ തിരയുന്നത് മനസിലാക്കിയ പ്രതി ഉടൻ മെയിൻ റോഡിലെത്തുകയും അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറി നഗരത്തിലേക്ക് പോകുകയുമായിരുന്നു.
ആദ്യം ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ പ്രതി പിന്നീട് പല സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ തങ്ങിയാണ് പിന്നീട് മാർത്താണ്ഡവർമ്മ പാലത്തിനടിയിലെത്തിയത്. പ്രതിയുടെ മൊഴി പ്രകാരം ഇയാൾ കൃത്യം നടത്തിയ ശേഷം പോയ അന്തർ സംസ്ഥാന തൊഴിലാളികളുടെ മുറിയിലും, മാർവർ ഭാഗത്തെ വീടുകളിലും തെളിവെടുത്തു. പിന്നീട് പ്രൈവറ്റ് ബസ്റ്റാൻഡിലും പ്രതിയെ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.