പെരിന്തൽമണ്ണ: പത്താംതരം, പ്ലസ്ടു കഴിഞ്ഞവർക്ക് തുടർവിദ്യാഭ്യാസ രംഗത്ത് ഉയർച്ചയുടെ പടവുകൾ കയറാൻ എന്ത് പഠിക്കണം, ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന ദിശാബോധം നൽകി രണ്ട് ദിവസമായി നടന്നുവന്ന മാധ്യമം എഡുകഫെക്ക് ജില്ലയിൽ തിരശ്ശീല വീണു. ആശങ്കകളും കോഴ്സുകളെ കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളുമായി കടന്നുവന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്രയമായി മാറുകയായിരുന്നു എജുകഫെ. ഉപരിപഠനത്തിന് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഏറെ ഹൃദ്യമായതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അഭിരുചിയറിഞ്ഞ് കോഴ്സുകൾക്ക് പ്രവേശനം അനുവദിച്ചാൽ ഭാവിയിൽ ഗുണകരമായി തീരുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി രക്ഷിതാക്കൾ പറഞ്ഞു. അറിവിനൊപ്പം നർമം കൂടി കലർത്തിയുള്ള അവതരണങ്ങളും സദസ്സിന്റെ മനം കവർന്നു.
ബുധനാഴ്ച നടന്ന പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ബോബി ചെമ്മണൂരിന്റെയും രാജ് കലേഷിന്റെയും സെഷനുകൾ സദസ്സിന് മറക്കാൻ കഴിയാത്ത അനുഭവമാണ് സമ്മാനിച്ചത്. കൂടാതെ വി.എം. സാദിഖലിയുടെ വന്യ-പ്രകൃതി ഫോട്ടോഗ്രഫി-അറിയപ്പെടാത്തതും മനസ്സിന് കുളിർമയേകുന്നതുമായ തൊഴിലവസരം, അമീന സിത്താര, റുഖിയ ഷംല, പി. നാജിയ എന്നിവരുടെ അണ്ടർ സ്റ്റാൻഡിങ് ഇമോഷൻസ്- എ സൈക്കോളജിക്കൽ ചാറ്റ് ഷോ, യാസർ ഖുത്തുബിന്റെ ഏൺ വൈൽ യു സ്റ്റഡി-ഏണിങ്സ് ടിപ്സ് ഫോർ സ്റ്റുഡന്റ്സ്, ടീം സിജിയിലെ സി.കെ. റംല, റമീസ് പാറൽ എന്നിവരുടെ ചാർട്ടിങ് കരിയർസ് ഇൻ ജിഗ് ഇക്കോണമി, സക്സസ് ചാറ്റ്, ഐ.പി.എസ് ഓഫിസർ ഖ്യാതി കോസ്റ്റയുടെ ഡ്രീം യുവർ കരിയർ ഇൻ സിവിൽ സർവിസ്, ഡോ. ഷാഹിദ് ചോലയിലിന്റെ ഫൈൻഡ് റൈറ്റ് പാത്ത്, ഫ്യൂച്ചർ ഈസ് യുവേഴ്സ് ഇന്ററാക്ടീവ് സെഷനുകളും സദസ്സിന് മികച്ച അനുഭവമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വേനൽച്ചൂടിനെ പോലും വകവെക്കാതെ ആയിരങ്ങളാണ് രണ്ട് ദിവസവും വിദ്യാഭ്യാസ മേള സന്ദർശിക്കാനെത്തിയത്. ഓൺലൈൻ-ഓഫ് ലൈൻ രജിസ്ട്രേഷനും മികച്ച പ്രതികരണമാണ് ജില്ലയിൽ ലഭിച്ചത്. സമാപന പരിപാടിയിൽ സിൽവർ സ്റ്റോം പാർക്കിലേക്ക് പ്രവേശിക്കാനുള്ള ഭാഗ്യശാലി നറുക്കെടുപ്പും നടന്നു. എജുകഫെ ഇനി ഏപ്രിൽ 19, 20 തീയതികളിൽ കണ്ണൂരും 22, 23 തീയതികളിൽ കോഴിക്കോടും മേയ് ഏഴ്, എട്ട് തീയതികളിൽ കൊച്ചിയിലും 18,19 തീയതികളിൽ കൊല്ലത്തും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.