സ്കൂള്‍ പാഠ്യപദ്ധതിയും പാഠപുസ്തകവും മാറ്റില്ളെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠ്യപദ്ധതിയോ പാഠപുസ്തകമോ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പുന$സംഘടിപ്പിച്ച സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മന്ത്രി വിരാമമിട്ടത്. പാഠപുസ്തകങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അത് ചെയ്യും.
എന്നാല്‍, കരിക്കുലം കമ്മിറ്റിയുടെയോ മന്ത്രിയുടെയോ അനുമതിയില്ലാതെ പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടിയില്‍ നടക്കുന്നെന്ന വിമര്‍ശനം ഉയര്‍ന്നു. ഇതിനുള്ള തെളിവാണ് എസ്.സി.ഇ.ആര്‍.ടി തയാറാക്കുന്ന വിനിമയ പാഠപുസ്തകങ്ങളെന്ന് കെ.പി.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് പി. ഹരിഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

എസ്.സി.ഇ.ആര്‍.ടിയിലെ കണ്‍സള്‍ട്ടന്‍റ് നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ചും വിമര്‍ശനമുയര്‍ന്നു. എന്നാല്‍, ജനാധിപത്യരീതിയിലേ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകൂവെന്ന് മന്ത്രി വ്യക്തമാക്കി. 10ാം ക്ളാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ 25 ശതമാനം ഒഴിവാക്കിയുള്ള പഠനപരിഷ്കാരത്തിനെതിരെ വിമര്‍ശനമുയര്‍ന്നു.
നിശ്ചിത ഭാഗം ഒഴിവാക്കിയുള്ള പഠനരീതി അശാസ്ത്രീയമാണെന്ന് ഡോ. കെ.എന്‍. ഗണേഷ് ചൂണ്ടിക്കാട്ടി. പഠനഭാരം ലഘൂകരിക്കാന്‍ വേറെ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കരിക്കുലം കമ്മിറ്റി സാമൂഹികശാസ്ത്രം രണ്ട് പരീക്ഷയായി നടത്താന്‍ തീരുമാനിച്ചെന്നും അത് റദ്ദാക്കിയാണ് 25 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കി പരിഷ്കാരം കൊണ്ടുവന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ വര്‍ഷം 25 ശതമാനം ഒഴിവാക്കിയുള്ള രീതി തുടരട്ടേയെന്നും അടുത്തവര്‍ഷം പരിഹാരമാര്‍ഗങ്ങള്‍ ആകാമെന്നും മന്ത്രി പറഞ്ഞു. 12 പൊതുവിഷയങ്ങളില്‍ അധികവായനക്കായി പുസ്തകങ്ങള്‍ തയാറാക്കാന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ഈ വിഷയങ്ങളുടെ ഘടകങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറികളില്‍ ലഭ്യമാക്കാനാണ് തീരുമാനം.
സൈബര്‍ കുറ്റകൃത്യം, മദ്യം-മയക്കുമരുന്ന് ഉപഭോഗവും പരിണതഫലങ്ങളും, തെരഞ്ഞെടുപ്പ് സാക്ഷരത, മാലിന്യസംസ്കരണം, കുട്ടികള്‍ക്കുനേരെയുള്ള പീഡനവും സംരക്ഷണവും, ആരോഗ്യവും വ്യക്തിശുചിത്വവും, റോഡ്സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍, ജീവിതശൈലീരോഗങ്ങളും പ്രതിവിധിയും, ദുരന്തനിവാരണ മാര്‍ഗങ്ങള്‍ എന്നിവയിലാണ് പുസ്തകങ്ങള്‍.
കൃഷി, സദാചാരബോധം എന്നിവകൂടി ഉള്‍പ്പെടുത്തണമെന്ന സുഗതകുമാരിയുടെ നിര്‍ദേശം അംഗീകരിച്ചു. ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഇനി സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിക്കാനും തീരുമാനിച്ചു. വി.എച്ച്.എസ്.ഇയില്‍ വൊക്കേഷനല്‍ കോഴ്സുകള്‍ക്ക് മൊഡ്യൂള്‍ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള കഴിഞ്ഞ കരിക്കുലം കമ്മിറ്റി തീരുമാനം ഉപസമിതിയുടെ പരിശോധനക്ക് വിട്ടു.
മുന്‍ തീരുമാനപ്രകാരം വിദ്യാര്‍ഥികളില്‍നിന്ന് സര്‍ട്ടിഫിക്കറ്റിന് ഫീസ് ഈടാക്കിയശേഷമാണ് വീണ്ടും ഉപസമിതിയുടെ പഠനത്തിന് വിടുന്നത്.

 

Tags:    
News Summary - education minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.